Advertisement
Sports News
ഐ.പി.എല്‍ ഷെഡ്യൂള്‍ പുറത്ത് വിട്ടു; വെടിക്കെട്ടിന് തിരികൊടുക്കാന്‍ കൊമ്പന്‍മാര്‍ റെഡി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 03:30 am
Monday, 17th February 2025, 9:00 am

2025ലെ ഐ.പി.എല്‍ മത്സരങ്ങളുടെ സമയക്രമങ്ങള്‍ പുറത്ത് വിട്ട് ബി.സി.സി.ഐ. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെകാത്തിരിക്കുന്ന ടൂര്‍ണമെന്റിന്റെ 18ാം പതിപ്പ് മാര്‍ച്ച് 22നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

ഉദ്ഘാടന മത്സരത്തില്‍ കൊമ്പന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ ഏറെ ആവേശത്തിലാണ് ആരാധകര്‍. ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരവും കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ മാര്‍ച്ച് 23ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്.

ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിനെയും നേരിടും. രണ്ടാം മത്സരത്തില്‍ തുല്ല്യ ശക്തികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സീസണിലെ 74 മത്സരങ്ങള്‍ 13 വേദികളിലായി നടക്കും, അതില്‍ 12 ഡബിള്‍-ഹെഡറുകള്‍ ഉള്‍പ്പെടുന്നു. ഉച്ചകഴിഞ്ഞുള്ള മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 03.30 നും വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 07.30 നും ആരംഭിക്കും.

ലീഗ് ഘട്ടം അവസാനിച്ചതിന് ശേഷം ഹൈദരാബാദിലും കൊല്‍ക്കത്തയിലും പ്ലേ ഓഫുകള്‍ നടക്കും. 2025 മെയ് 20ന് യഥാക്രമം ആദ്യ ക്വാളിഫയര്‍ മത്സരവും 2025 മെയ് 21ന് എലിമിനേറ്റര്‍ മത്സരങ്ങളും ഹൈദരാബാദില്‍ നടത്തും. തുടര്‍ന്ന് 2025 മെയ് 23ന് രണ്ടാം ക്വാളിഫയര്‍ കൊല്‍ക്കത്തയില്‍ നടക്കും. ഐ.പി.എല്‍ 2025 ന്റെ ആവേശകരമായ ഫൈനല്‍ മത്സരം 2025 മെയ് 25 ന് നടക്കും.

ഇതുവരെ ഒരു ഐ.പി.എല്‍ കിരീടവും നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിനും സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും ഈ സീസണ്‍ ഏറെ നിര്‍ണായകമാണ്. പുതിയ സീസണിന് ആര്‍സി.ബി ഒരുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിരിക്കുന്നത് രജത് പാടിദറാണ്.

ഫ്രാഞ്ചൈസിയുടെ എട്ടാമത് നായകനായാണ് മധ്യപ്രദേശുകാരന്‍ രജത് ചുമതലയേല്‍ക്കുന്നത്. നേരത്തെ ക്യാപറ്റന്‍സി വിട്ടൊഴിഞ്ഞ വിരാട് കോഹ്ലി പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇനി ഐ.പി.എല്‍ പൂരത്തിന് ദിവസങ്ങള്‍ എണ്ണുകയാണ് ക്രിക്കറ്റ് ലോകം.

Content Highlight: BCCI announces schedule for TATA IPL 2025