ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം സഞ്ജു സാംസണ് പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. യുവതാരം ജിതേഷ് ശര്‍മയെയാണ് ഇന്ത്യന്‍ ടീം സഞ്ജുവിന് പകരക്കാരനായി നിശ്ചയിച്ചിരിക്കുന്നത്.
ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടില്ലാത്ത താരമാണ് ജിതേഷ് ശര്‍മ. സഞ്ജുവിന് പകരക്കാരനായി സ്‌ക്വാഡിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജിതേഷിനെ ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 19 സിക്‌സറുമായി താരം തിളങ്ങിയിരുന്നു.
ഏഴ് ഇന്നിങ്‌സില്‍ നിന്ന് 214 റണ്‍സാണ് അദ്ദേഹം നേടിയത്, ഒപ്പം 235.16 എന്ന പടുകൂറ്റന്‍ സ്‌ട്രൈക്ക് റേറ്റും. 71 ടി-20യില്‍ നിന്നായി 1787 റണ്‍സ് നേടിയ താരത്തിന് 30ന് മുകളില്‍ ശരാശരിയും 147.93 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഏത് റോളിലും തിളങ്ങാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 29 കാരനായ ജിതേഷ് ശര്‍മ്.
സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഈ പരമ്പരയില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. നിരവധി തവണ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടുകയും എന്നാല്‍ ഒരിക്കല്‍ പോലും കളിക്കാന്‍ സാധിക്കുകയും ചെയ്യാതിരുന്ന രാഹുല്‍ ത്രിപാഠിയെയായിരിക്കും ഇന്ത്യ പരിഗണിക്കാന്‍ സാധ്യത.
ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ നേരിട്ട പരിക്കാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്.
ശ്രീലങ്കന്‍ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ സഞ്ജു ഒരു ആക്രോബാക്ടിക് ക്യാച്ചിന് ശ്രമിച്ചിരുന്നു. ഓവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍ ഹര്‍ദിക് പാണ്ഡ്യയെ ഫ്ളിക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉയര്‍ന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലതുക്കാന്‍ സഞ്ജു ചാടിയെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
സഞ്ജു ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും താഴെ വീണതോടെ പന്ത് താരത്തിന്റെ കയ്യില്‍ നിന്നും തെറിച്ചുപോവുകയായിരുന്നു. അതിന് ശേഷവും താരം ഫീല്‍ഡിങ് തുടര്‍ന്നിരുന്നു.
ഇതിന് പുറമെ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം റഫായി സ്ലൈഡ് ചെയ്ത് വീഴുകയും ചെയ്തിരുന്നു. താഴെ വീണതിന് ശേഷം കാല്‍മുട്ടില്‍ വേദന കൊണ്ട് തടവുന്നതും കാണാമായിരുന്നു.
മത്സരം പൂര്‍ത്തിയാക്കിയെങ്കിലും മത്സരശേഷം കാല്‍മുട്ടിന് വീക്കം അനുഭവപ്പെട്ടതോടെ താരം മെഡിക്കല്‍ അഡൈ്വസ് സ്വീകരിക്കുകയായിരുന്നു.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച പൂനെയില്‍ വെച്ച് നടക്കും. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ തന്നെയാണ് ഇറങ്ങുന്നത്.
Content Highlight: BCCI announce Jitesh Sharma as Sanju Samson’s replacement