ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. നവംബര്‍ 23ന് ആരംഭിക്കുന്ന പരമ്പര ഡിസംബര്‍ മൂന്ന് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അഞ്ച് ടി-20കളാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോക ഒന്നാം നമ്പര്‍ ടി-20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ ആരുമില്ലാത്ത സ്‌ക്വാഡില്‍ ഇന്ത്യയുടെ അടുത്ത തലമുറ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ ഏഷ്യന്‍ ഗെയിംസ് മെഡലണിയിച്ച ഋതുരാജ് ഗെയ്ക്വാദാണ് സൂര്യകുമാറിന്റെ ഡെപ്യൂട്ടി. ഐ.പി.എല്‍ സെന്‍സേഷന്‍ താരങ്ങളായ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജെയ്‌സ്വാള്‍, മുംബൈ ഇന്ത്യന്‍സ് യങ് ബ്ലഡ് തിലക് വര്‍മ, കൊല്‍ക്കത്തയുടെ മിഡില്‍ ഓര്‍ഡറിലെ വിശ്വസ്തന്‍ റിങ്കു സിങ്, പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ എന്നിവരടക്കമുള്ള താരങ്ങളാണ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്.
വിശാഖപട്ടണത്താണ് ആദ്യ മത്സരം അരങ്ങേറുന്നത്. തിരുവന്തപുരം, ഗുവാഹത്തി, റായ്പൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മാക്‌സ്‌വെല്ലും അടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഓസീസ് പരമ്പരക്കിറങ്ങുന്നത്. മാത്യൂ വേഡാണ് കങ്കാരുക്കളെ നയിക്കുന്നത്.