Advertisement
Sports News
ജെയ്‌സ്വാളും പന്തുമില്ലാത്ത ഒരു ഇലവന്‍ ഉണ്ടാകില്ല, അവരുടെ ഗുണങ്ങള്‍ രാഹുലിനില്ല; തുറന്ന പറഞ്ഞ് ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 21, 12:00 pm
Tuesday, 21st January 2025, 5:30 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ടൂര്‍ണമെന്റിനായുള്ള സ്‌ക്വാഡ് പുറത്ത് വിട്ടതോടെ പല വിമര്‍ശനങ്ങളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.

ഇതോടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ബാസിത് അലി. ഓപ്പണിങ്ങിലും മധ്യനിരയിലും ഇന്ത്യയ്ക്ക് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ വേണമെന്നും വിക്കറ്റുകള്‍ വീണാല്‍ റണ്‍സുയര്‍ത്തുന്നതില്‍ ഇരുവരുടേയും പ്രകടനം നിര്‍ണായകമാകുമെന്നും ബാസിത് അലി പറഞ്ഞു.

Yashaswi Jaiswal

മാത്രമല്ല കെ.എല്‍ രാഹുലിന്റെ പ്രകടനത്തെക്കുറിച്ചും ബാസിത് അലി പറഞ്ഞു. മൂന്ന് വിക്കറ്റുകള്‍ വീണാല്‍ ക്രീസില്‍ സ്ഥിരത കാണിക്കാന്‍ രാഹുലിന് കഴിയുമെന്നും എന്നാല്‍ വേഗതയില്‍ സ്‌കോര്‍ നേടാന്‍ രാഹുലിന് കഴിയില്ലെന്നും ബാസിത് പറഞ്ഞു.

‘എന്റെ അഭിപ്രായത്തില്‍, ഓപ്പണര്‍ എന്ന നിലയിലും മധ്യനിരയിലും ഇടംകയ്യന്‍മാര്‍ ഉണ്ടാകേണ്ടത് ഇന്ത്യക്ക് പ്രധാനമാണ്. അതുകൊണ്ട് ജെയ്സ്വാളില്ലാതെ ഒരു ഇലവന്‍ ഉണ്ടാകില്ല. റിഷബ് പന്തും ഉണ്ടാകും കാരണം. ഗ്രൗണ്ടിലുടനീളം കളിക്കുന്ന ഒരു കളിക്കാരനാണ് അവന്‍, രാഹുലിന് ആ ഗുണങ്ങള്‍ ഇല്ല.

K.L Rahul (Left), Rishabh Pant (Right)

രാഹുല്‍ സ്ഥിരതയുള്ള, ഉറച്ച കളിക്കാരനാണ്. മൂന്ന് വിക്കറ്റുകള്‍ വീണാല്‍ അയാള്‍ക്ക് അവിടെ നില്‍ക്കാന്‍ കഴിയും, പക്ഷെ ആ സാഹചര്യത്തില്‍, അദ്ദേഹത്തിന് തന്റെ കളി വേഗത്തില്‍ മാറ്റാന്‍ കഴിയില്ല. അവന് ടര്‍ബോ സ്പീഡ് കൊണ്ടുവരാന്‍ കഴിയില്ല. ജെയ്സ്വാളും പന്തും ഇല്ലെങ്കില്‍ ഇന്ത്യയുടെ ഒരു പരമ്പരയിലായാലും ചാമ്പ്യന്‍സ് ട്രോഫിയിലായാലും ഇലവന്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും,’ ബാസിത് അലി പറഞ്ഞു.

2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്താനിരിക്കുകയാണ്. അഞ്ച് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ജനുവരി 22നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 മത്സരം നടക്കാനിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ഫോം കണ്ടെത്താനാകും ഇന്ത്യന്‍ ഓപ്പണര്‍ ജെയ്‌സ്വാളും റിഷബ് പന്തും ലക്ഷ്യം വെക്കുക.

 

Content Highlight: Basit Ali Talking About Yashaswi Jaiswal And Rishabh Pant