Advertisement
Sports News
ബോര്‍ഡര്‍ ഗവാസ്‌കറില്‍ അവനെ പ്രശംസിച്ചു, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒഴിവാക്കി; ഇന്ത്യന്‍ പേസറെക്കുറിച്ച് ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 05, 12:52 pm
Wednesday, 5th February 2025, 6:22 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

എന്നാല്‍ സ്‌ക്വാഡില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഇല്ലായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. ശേഷം ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും സിറാജ് ഇടം പിടിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പേസറെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ പല മുന്‍ താരങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരവും ക്യാപ്റ്റനുമായ ബാസിത് അലി.

‘ഗൗതം ഗംഭീര്‍ ഓസ്ട്രേലിയയില്‍ സിറാജിനെ വളരെയധികം പ്രശംസിച്ചിരുന്നു, ഇപ്പോള്‍ അവന്‍ ടീമിന്റെ ഭാഗമല്ല. അതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. അവന്‍ സ്വാഡില്‍ ഉണ്ടാകേണ്ടതായിരുന്നു, ചാമ്പ്യന്‍സ് ട്രോഫിക്ക് സിറാജിനെ ഇന്ത്യ തെരഞ്ഞെടുക്കണമെങ്കില്‍ അവനും ഹര്‍ഷിത് റാണയും ഇംഗ്ലണ്ടിനെതിരെ ഒരുമിച്ച് കളിക്കട്ടെ. അപ്പോള്‍ ആരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് അവര്‍ക്ക് മനസിലാകും. ഇപ്പോള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന് രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിയും.’ ബാസിത് അലി പറഞ്ഞു.

എന്നാല്‍ സ്‌ക്വാഡിലെ പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയുടേയും മുഹമ്മദ് ഷമിയുടേയും ഫിറ്റ്നസില്‍ ആശങ്കയുള്ളതിനാല്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കുമെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി ഇംഗ്ലണ്ടിനോടുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന മത്സരത്തില്‍ ഹര്‍ഷിത് റാണയ്‌ക്കോ ജസ്ര്പീത് ബുംറയ്‌ക്കോ പകരമായി വന്നാല്‍ സിറാജിന് മികച്ച പ്രകടനം കാഴ്ചവെച്ച് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ കയറാനും സാധിക്കും.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Basit Ali Talking About Mohammad Siraj