ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്‍മാന്‍. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോള്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.
തന്നെ പൊന്‍മാന്‍ എന്ന സിനിമയിലേക്ക് കൊണ്ടുവന്ന ഫാക്ടര്‍ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന പുസ്തകമാണെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് ഡയറക്ഷനിലേക്ക് പോകാമെന്ന് തീരുമാനിച്ച സമയത്താണ് ഈ സിനിമ വന്നതെന്നും നടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘എന്നെ പൊന്‍മാന്‍ എന്ന സിനിമയിലേക്ക് കൊണ്ടുവന്ന ഫാക്ടര്‍ ആ പുസ്തകമാണ്. ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന ആ പുസ്തകം തന്നെയാണ്. ഞാന്‍ ആ പുസ്തകമാണ് ആദ്യം വായിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബെന്നി ചേട്ടനാണ് ‘ഈ പുസ്തകമൊന്ന് വായിക്കുമോ. ഇതിലെ അജേഷ് എന്ന കഥാപാത്രത്തിന് വേണ്ടിയൊന്ന് ആലോചിച്ചു നോക്കാമോ’ എന്ന് ചോദിക്കുന്നത്.
ആ പുസ്തകം കൊണ്ടുവന്നു തന്നപ്പോള്‍ ഞാന്‍ ആദ്യം വായിച്ചിരുന്നില്ല. കാരണം ഞാന്‍ അപ്പോള്‍ ‘കുറച്ച് ബ്രേക്ക് എടുക്കാം, ഇനി ഡയറക്ട് ചെയ്യാം’ എന്ന് പറഞ്ഞ് നില്‍ക്കുന്ന സമയായിരുന്നു അത്. ആ സമയത്താണ് ഞാന്‍ ഡയറക്ട് ചെയ്യാന്‍ പോകുന്ന സിനിമക്ക് വേണ്ടി എഴുതി കൊണ്ടിരിക്കുന്ന റൈറ്റേഴ്‌സ് ഈ പുസ്തകത്തെ കുറിച്ച് അറിയുന്നത്.
അജേഷ് എന്ന കഥാപാത്രത്തിന് വേണ്ടിയാണെന്ന് പറഞ്ഞതും അവന്മാര്‍ ‘ഇപ്പോള്‍ ഡയറക്ഷന്‍ ചെയ്തില്ലേല്ലും കുഴപ്പമില്ല. ഞങ്ങള്‍ ചെയ്‌തോളാം. പോയിട്ട് ഈ സിനിമ ചെയ്ത് വാ’ എന്നായിരുന്നു പറഞ്ഞത്. അവര് ആ പുസ്തകം വായിച്ച് നോക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ പുസ്തകം വായിക്കുന്നത്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Ponman Movie