Entertainment
ജാന്‍ എ-മനിന് മുമ്പ് ആ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ ഞാന്‍ എല്ലാവരോടും മാറിനില്‍ക്കെന്ന് പറഞ്ഞേനെ: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 06, 11:34 am
Thursday, 6th June 2024, 5:04 pm

സംവിധാനം, അഭിനയം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച താരമാണ് ബേസില്‍ ജോസഫ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിന് ആരാധകര്‍ ഏറെയാണ്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ബേസില്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയത്.

പിന്നീടാണ് കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ ബേസിലിന്റെ സംവിധാനത്തില്‍ എത്തുന്നത്. അതില്‍ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ ഒന്നിച്ച സിനിമയായിരുന്നു ഇത്.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്തായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ ജാന്‍ എ-മന്‍ എന്ന സിനിമയില്‍ ബേസില്‍ അഭിനയിക്കുന്നത്. ആ സമയത്ത് മിന്നല്‍ മുരളി ഇറങ്ങിയിരുന്നില്ലെന്നും ഇറങ്ങിയിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ ജാഡ കാണിച്ചേനെയെന്നും പറയുകയാണ് ബേസില്‍ ജോസഫ്. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ജാന്‍ എ-മന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിന്നല്‍മുരളി ഇറങ്ങിയിരുന്നില്ല. ഇറങ്ങിയിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ജാഡ കാണിച്ചേനെ. ഞാന്‍ മിന്നല്‍മുരളിയുടെ ഡയറക്ടറാണ്, മാറിനില്‍ക്കെന്ന് എല്ലാവരോടും പറഞ്ഞേനെ.

കൊവിഡ് വന്ന് മൊത്തത്തില്‍ സ്റ്റക്കായി നില്‍ക്കുമ്പോഴാണ് ജാന്‍ എ-മന്‍ ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ മിന്നല്‍മുരളിയുടെ ക്ലൈമാക്‌സ് ഒക്കെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ സമയത്ത് മിന്നല്‍മുരളി അങ്ങനെയങ്ങ് എത്തിയിട്ടില്ല.

പിന്നെ അഭിനയിക്കാന്‍ വിളിച്ചാല്‍ നമ്മള്‍ അഭിനയിക്കുകയല്ലേ ചെയ്യുന്നത്. ഡയറക്ഷന്‍ ചെയ്യുന്ന സമയത്ത് മാത്രമാണല്ലോ നമ്മള്‍ ഒരു ഡയറക്ടറാകുന്നത്. പിന്നെ മിന്നല്‍മുരളി ഇറങ്ങിയിട്ടും ജാഡ വന്നിട്ടില്ലല്ലോയെന്ന് ചോദിച്ചാല്‍ എനിക്ക് അത്യാവശ്യം ജാഡയൊക്കെയുണ്ട് (ചിരി),’ ബേസില്‍ ജോസഫ് പറഞ്ഞു.


Content Highlight: Basil Joseph Talks About Minnal Murali