ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ ക്രിയേറ്റീവ് വര്‍ക്കുകള്‍ മലയാളി കണ്ട ചിത്രമായിരുന്നു ഗോദ. ഒരു കൂട്ടം ഗുസ്തിക്കാരെയും ഗുസ്തിയെ ഏറെ സ്‌നേഹിക്കുന്ന ഗ്രാമത്തിലുള്ളവരെയും മലയാളികള്‍ ഇരു കയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു.
ചിത്രത്തിന്റെ ഓപ്പണിങ് ഷോട്ട് മുതല്‍ ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ കഴിവ് നമ്മള്‍ കണ്ടിരുന്നു. ആ ഷോട്ട് ചെയ്തതിനെ കുറിച്ചും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് ബേസില്‍.
‘ഗോദയിലെ ഓപ്പണിങ് സീക്വന്‍സുണ്ട്. മേലെ നിന്നും ക്യാമറ താഴെയിറങ്ങിവന്ന് പഴയ കാലഘട്ടത്തിലെ ഗുസ്തി കൊട്ടക കാണിക്കുന്ന സീന്‍ ഉണ്ട്. ആളുകളെല്ലാം അനങ്ങാതെ ഇങ്ങനെ മാനിക്വിന്‍ പോലെ നില്‍ക്കുന്ന സീക്വന്‍സാണത്.
അത് നമ്മള്‍ ഒറ്റ ഷോട്ടായിട്ടാണ് പ്ലാന്‍ ചെയ്തത്. ഇന്‍ഡസ്ട്രിയല്‍ ക്രെയ്‌നില്‍ ക്യാമറാമാനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. ക്യാമറാമാന്‍ നിലത്ത് കാലുകുത്തുന്ന സമയത്ത് രണ്ട് പേര്‍ ഇവനെ അണ്‍ഹുക്ക് ചെയ്യണം. അതിന് ശേഷം ആള്‍ ക്യാമറയുമായി അകത്തോട്ട് കയറും.
അകത്ത് കയറി ഇതിന്റെയിടയിലൂടെയെല്ലാം നടന്നുനടന്ന് റോഡിലേക്ക് കയറുമ്പോള്‍ ജിബ് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ട്. ജിബ്ബിന്റെ ആളുകള്‍ ക്യാമറ ഷെയ്ക് ചെയ്യാതെ നേരെ അത് ജിബ്ബിലേക്ക് എടുത്ത് മാറ്റണം. എന്നിട്ട് ജിബ് ഇങ്ങനെ മുകളിലേക്ക് പൊങ്ങും കുറച്ചു കഴിഞ്ഞ് താഴേക്ക് വരുമ്പോള്‍ നമ്മളിത് ജിബ്ബില്‍ നിന്നും അണ്‍ഹുക്ക് ചെയ്യണം. പിന്നെ നടന്നുനടന്ന് അങ്ങ് അക്കാറ വരെ എത്തണം. ഈ ഒറ്റ ഷോട്ടില്‍ ഇത്രയും പ്രൊസസ് ഉണ്ട്,’ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
ഷോട്ടിലെ ആര്‍ട്ടിസ്റ്റുകളെ കുറിച്ചും ഈ ഷോട്ടിന് വേണ്ടി അവരെ തയ്യാറാക്കിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.
‘ആളുകളെല്ലാം അനങ്ങാതെ നില്‍ക്കുകയും വേണം. 500 പേരുണ്ട് അനങ്ങാതെ നില്‍ക്കാന്‍. പഴനിയിലായിരുന്നു ഷൂട്ട് ചെയ്തത്. അതുകൊണ്ട് ഭാഷയുടെ പ്രശ്‌നവും ഉണ്ടായിരുന്നു. അനങ്ങാതെ നില്‍ക്കണം എന്ന് പറയുമ്പോള്‍ അവര്‍ക്കത് പെട്ടെന്ന് മനസിലാവില്ല.
ഇടയ്ക്ക് ഒരാള്‍ അനങ്ങിയാല്‍ വീണ്ടും റീ ഷൂട്ട് ചെയ്യണം. വീണ്ടും 110 അടി ഉയരത്തിലേക്ക് ക്യാമറാമാനെ കയറ്റിക്കൊണ്ട് പോകണം. ഉച്ചയായപ്പോള്‍ റിഹേഴ്‌സലും വൈകീട്ടായപ്പോള്‍ ഷൂട്ടും തുടങ്ങി. 500 പേരുണ്ട്, അവര്‍ക്ക് ഭക്ഷണം കൊടുക്കണം, ബ്രേക്ക് കൊടുക്കണം അങ്ങനെ സമയം പോയിക്കൊണ്ടേയിരുന്നു. നമ്മള്‍ക്കിത് കിട്ടുന്നുമില്ല.
പലപ്പോളും ഷൂട്ടിങ്ങിനിടെ ഇത് നിന്നുപോകും. അവസാനമെത്തുമ്പോഴായിരിക്കും ചിലപ്പോള്‍ നിന്നുപോവുക. ചില സമയത്തെത്തുമ്പോള്‍ ഫോക്കസ് ഇല്ലാതെ ആയി. അവസാനം നേരം വെളുക്കാനായി. ചെറുതായി ഹൊറൈസണില്‍ ലൈറ്റ് വീണുതുടങ്ങി എന്നൊക്കെ പറയുന്നത് പോലെ ഒരു സമയത്ത് നമുക്ക് വേണ്ട ഷോട്ട് കിട്ടി. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. ക്രൂവും ഈ പറയുന്ന ജിബ്ബും ക്രെയ്‌നും മറ്റേത് മറിച്ചേത് എന്നെല്ലാം പറഞ്ഞ് ആഘോഷമായിരുന്നു.
ആ സമയത്ത് കിട്ടിയതുകൊണ്ട് അതിന് വേറെ ഒരു ടെക്‌സ്ചറും വന്നു. ബാക്കില്‍ നിന്നും ലൈറ്റ് ഒക്കെ വന്നപ്പോള്‍ മലകളൊക്കെ വിസിബിളായി. മറ്റേത് ഫുള്‍ രാത്രിയായിരുന്നു. ഏര്‍ളി മോണിങ് വന്നപ്പോഴേക്കും ഇതിന് വേറെ ടെക്‌സ്ചര്‍ ഒക്കെ കിട്ടി. വളരെ സാറ്റിസ്ഫാക്ഷന്‍ തന്ന ഷോട്ടായിരുന്നു അത്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Basil Joseph on the most difficult shot