ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു.
ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അടുത്തിടെ നിയമിതനായ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ടിന്റെ സാന്നിധ്യത്തിലാണ് ബസവരാജ് സത്യപ്രതിജ്ഞ ചൊല്ലിയത്. വേദിയില്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ഉണ്ടായിരുന്നു.
കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് കഴിഞ്ഞദിവസം 61 കാരനായ ബസവരാജയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ബസവരാജ ഇന്ന് യെദിയൂരപ്പയെ കണ്ടിരുന്നു.
മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്. ആര്‍. ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബസവരാജ് 2008 ലാണ് ബി.ജെ.പിയിലെത്തുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായും രണ്ട് തവണ എം.എല്‍.സിയായും തെരഞ്ഞെടുക്കപ്പെട്ടു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു. 75 വയസ്സിനു മുകളില്‍ പ്രായമായിട്ടും മുഖ്യമന്ത്രിയായി ഭരിക്കാന്‍ അവസരം തന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി. നദ്ദയ്ക്കും നന്ദി പറയുന്നതായും യെദിയൂരപ്പ പറഞ്ഞു.