Sports News
തോറ്റ ശേഷമുള്ള വിജയം; നേരിട്ട് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്ന കളി... വാഹ് ബാഴ്‌സ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 24, 02:47 am
Sunday, 24th September 2023, 8:17 am

മത്സരം അവസാനിക്കാന്‍ പത്ത് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ രണ്ട് ഗോളിന് പിന്നിട്ട് നില്‍ക്കുക, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് വിജയിക്കുക. അവിശ്വസനീയം എന്നല്ലാതെ എന്ത് പറയാന്‍. ഫുട്‌ബോള്‍ ലോകത്തെ ഈ അവിശ്വസനീയമായ തിരിച്ചുവരവിനാണ് എസ്റ്റാഡി ഒളിംപിക് ലൂയീസ് കൊംപാനീസ് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന ബാഴ്‌സലോണ – സെല്‍റ്റ വിഗോ മത്സരത്തിലാണ് ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ബാഴ്‌സ വിജയത്തിലേക്ക് നടന്നുകയറിയത്.

ബാഴ്‌സയുടെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് സെല്‍റ്റ വിഗോ ഏര്‍ളി ലീഡ് നേടി. 19ാം മിനിട്ടില്‍ യര്‍ഗന്‍ സ്ട്രാന്‍ഡ് ലാര്‍സനിലൂടെയാണ് സന്ദര്‍ശകര്‍ ലീഡ് നേടിയത്. ഡി ലാ ടോറെയില്‍ നിന്നും സ്വീകരിച്ച പന്ത് ഗോള്‍ പോസ്റ്റില്‍ നിന്നും പത്ത് യാര്‍ഡ് അകലെ നിന്നും നിറയൊഴിക്കുമ്പോള്‍ ടെര്‍ സ്‌റ്റെഗന് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു.

തുടര്‍ന്ന് ലീഡ് വര്‍ധിപ്പിക്കാന്‍ സന്ദര്‍ശകരും ഗോള്‍ മടക്കാന്‍ ആതിഥേയരും കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നത് വരെ ഇരുടീമിന്റെയും ഗോള്‍വലകള്‍ ചലിക്കാതെ തുടര്‍ന്നു.

മത്സരത്തിന്റെ 76ാം മിനിട്ടില്‍ സെല്‍റ്റ വിഗോ വീണ്ടും ഗോള്‍ നേടി. ഇത്തവണ അനസ്താസിയോസ് ഡൗവികസാണ് ഗോള്‍ നേടിയത്. ബാംബ-ആസ്പാസ് ഡുവോ ബാഴ്‌സയുടെ പ്രതിരോധം പൊളിച്ച് പന്ത് ഡൗവികസിന് കൈമാറുകയും താരം വല കുലുക്കുകയുമായിരുന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്ന് ആരാധകര്‍ പോലും വിധിയെഴുതിയ സമയത്ത് മത്സരത്തിന്റെ 81ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടി. ജാവോ ഫെലിക്‌സിന്റെ അസിസ്റ്റില്‍ നിന്നുമായിരുന്നു കറ്റാലന്‍മാരുടെ ആദ്യ ഗോള്‍ പിറന്നത്.

ആദ്യ ഗോള്‍ വീണ് കൃത്യം നാലാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഈക്വലൈസര്‍ ഗോള്‍ കൂടി കണ്ടെത്തിയതോടെ ഹോം സ്‌റ്റേഡിയം ആവേശത്തിലായി. ഇത്തവണ ജാവോ കാന്‍സലോയുടെ അസിസ്റ്റാണ് ഗോളില്‍ കലാശിച്ചത്.

89ാം മിനിട്ടില്‍ കാന്‍സലോ വിജയ ഗോളും കണ്ടെത്തി. ഗാവിയാണ് വിജയഗോളിന് വഴിയൊരുക്കിയത്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നുമുള്ള കറ്റാലന്‍മാരുടെ തിരിച്ചുവരവായിരുന്നു ആരാധകര്‍ കണ്ടത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബാഴ്‌സ ഒരു ഗോളിന്റെ ലീഡില്‍ വിജയിച്ചുകയറി. സീസണില്‍ ഇതുവരെ തോല്‍റിയാത്ത ബാഴ്‌സ ആറ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സെപ്റ്റംബര്‍ 27നാണ് ബാഴ്‌സുടെ അടുത്ത മത്സരം. ഐബറോസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മല്ലോര്‍ക്കയാണ് എതിരാളികള്‍.

 

Content highlight: Barcelona defeats Celta Vigo