football news
കളിക്കളത്തിൽ മാത്രമല്ല കോടതിയിലും ബാഴ്സലോണ പോരാട്ടത്തിലാണ്; റയലിനെ തകർത്തതിന് പിന്നാലെ ബാഴ്സ പ്രസിഡന്റ്‌
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 17, 08:08 am
Tuesday, 17th January 2023, 1:38 pm

ലാ ലിഗയിലെയെ മാത്രമല്ല ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും.

തിങ്കളാഴ്ച പുലർച്ചെ നടന്ന സൂപ്പർ കോപ്പ മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ സൂപ്പർ കോപ്പാ ജേതാക്കളായിരുന്നു.

മെസിയുടെ ക്ലബ്ബ്‌ വിട്ടുപോകലിന് ശേഷവും ചാവി പരിശീലകനായി സ്ഥാനമേറ്റതിന് ശേഷവും ബാഴ്സലോണ നേടുന്ന ആദ്യ ടൈറ്റിൽ എന്ന സവിശേഷതയും ഈ കിരീട നേട്ടത്തിനുണ്ട്.

എന്നാൽ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ പുതിയ ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് ലാ ലിഗ അധികൃതരുമായി കോടതിയിൽ കേസ് നടത്തുകയാണ് തങ്ങൾ എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ പ്രസിഡന്റ്‌ ജോൻ ലപോർട്ട.

വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ബാഴ്സലോണ ക്ലബ്ബ് കടന്ന് പോകുന്നത് എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പുതിയ പ്ലെയേഴ്സിനെ ടീമിൽ എത്തിക്കാൻ പരമാവധി 26 മില്യൺ യൂറോയെങ്കിലും ക്ലബ്ബിന് ഉടനെ കണ്ടെത്തണമെന്നും ക്ലബ്ബുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

കൂടാതെ ജനുവരിയിൽ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ ബാഴ്സലോണക്കില്ലെന്ന് കുറച്ച് നാളുകൾക്ക് മുമ്പ് ലപ്പോർട്ട പറഞ്ഞിരുന്നു.

സ്പാനിഷ് ഫുട്ബോളിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ക്ലബ്ബിന് വലിയ തലവേദനയുണ്ടാക്കുന്നതായി ബാർസ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ ലപോർട്ട പറഞ്ഞു.

“ഞങ്ങൾ ലാ ലിഗയുമായി കോടതിയിൽ വലിയ പോരാട്ടത്തിലാണ്. ഫെയർ പ്ലെ നിയമങ്ങൾ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ വലിയ പ്രയാസങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ക്ലബ്ബ്‌ അതിന് കഴിയാവുന്നതിന്റെ പരമാവധി ക്ലബ്ബിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനായി പോരാടും,’ ലപോർട്ട പറഞ്ഞു.

സാമ്പത്തിക ബാധ്യത പരിഗണിക്കാതെ ലെവൻഡോസ്കി,കൊണ്ടെ, റാഫീഞ്ഞ എന്നിവരെ ബാഴ്സലോണ ടീമിലെത്തിച്ചത് ലാ ലിഗയുടെയും, സ്പാനിഷ് ഫുട്ബോൾ ഫെയർ പ്ലെ അതോറിറ്റിയുടെയും നടപടികൾ ബാഴ്സലോണയിലേക്ക് നീളാൻ മുമ്പ് കാരണമായി എന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം 16 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി നിലവിൽ ലാ ലിഗ പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബാഴ്സലോണയുടെ സ്ഥാനം. ഗെറ്റാഫെയുമായി ജനുവരി 22നാണ് ബാഴ്സയുടെ ലാ ലിഗയിലെ അടുത്ത മത്സരം.

 

Content Highlights:Barcelona are struggling not only on the pitch but also on the court; Barca president after crushing Real