തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസ് അട്ടിമറിച്ചെന്നും അതിനാല്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്.പി സുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതിയില്‍ സുകേശന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേസ് ഡയറിയില്‍ മാണിക്ക് അനുകൂലമായി ചില മാറ്റങ്ങള്‍ വരുത്താന്‍ ശങ്കര്‍ റെഡ്ഡി തന്നെ നിര്‍ബന്ധിച്ചു. ബാര്‍ കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലന്‍സിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് എസ്.പി സുകേശന്‍ ശങ്കര്‍ റെഡ്ഡിക്കു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടു പരിശോധിച്ച ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു.
ബാര്‍ ഉടമകളുടെ മൊഴിയുടെ ചില ഭാഗങ്ങളും ബിജു രമേശിന്റെ ശബ്ദരേഖയിലെ ഭാഗങ്ങളില്‍ ചിലതു തിരുത്താനുമാണ് ആവശ്യപ്പെട്ടത്. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കേസ് ഡയറിയില്‍ അത്തരം മാറ്റങ്ങള്‍ വരുത്തിയതായും സുകേശന്‍ കോടതിയെ അറിയിച്ചിരുന്നു.
മാറ്റങ്ങള്‍ വരുത്തിയത് ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് കേസ് ഡയറിയുടെ അവസാന ഭാഗത്ത് സുകേശന്‍ എഴുതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കെ.എം മാണി ഇരുമുന്നണികളില്‍ നിന്നും അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍. നേരത്തെ മാണിക്കെതിരെ അന്വേഷണം വന്നപ്പോള്‍ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ അവരുടെ പിന്തുണ കെ.എം മാണിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മാണിയ്ക്കും കേരളാ കോണ്‍ഗ്രസിനും വലിയൊരു പ്രതിസന്ധിയാവും ഈ കോടതി ഉത്തരവെന്ന കാര്യത്തില്‍ സംശയമില്ല.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജു രമേശ് രംഗത്തുവന്നതോടെയാണ് ബാര്‍ കോഴക്കേസിന്റെ തുടക്കം. 2014 ഒക്ടോബര്‍ 31നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വന്നത്.
ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്ന് പറഞ്ഞു. നവംബര്‍ നാലിന് വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ ആരംഭിച്ചു.
എന്നാല്‍ 2014 നവംബര്‍ ആറിന് ആരോപണങ്ങള്‍ നിഷേധിച്ച് ബാറുടമകള്‍ രംഗത്തുവന്നു. മദ്യലഹരിയിലാണ് കോഴ നല്‍കിയെന്നു പറഞ്ഞതെന്ന് ബാറുടമ മനോഹരന്‍ പറഞ്ഞു.
തിരുവനന്തപുരം റെയ്ഞ്ച് എസ്.പി എം. രാജ്‌മോഹന്‍, ഡി.വൈ.എസ്.പി എസ് സുരേഷ് കുമാര്‍ എന്നിവരായിരുന്നു ക്വിക്ക് വെരിഫിക്കേഷന്‍ സംഘത്തിലുണ്ടായിരുന്നത്. നവംബര്‍ ഏഴിന് ഇവര്‍ ബിജുരമേശിന്റെ മൊഴിയെടുത്തു. ബാറുകള്‍ പൂട്ടുന്നതിനു മുമ്പാണ് പണം നല്‍കിയതെന്നാണ് ബിജു രമേശ് മൊഴി നല്‍കിയത്. അടച്ച ബാറുകള്‍ തുറക്കാന്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ മുന്‍കൂറായി നല്‍കിയെന്നുമായിരുന്നു ബിജു രമേശ് ആദ്യം വെളിപ്പെടുത്തിയത്.
അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി നവംബര്‍ എട്ടിന് ബിജു രമേശ് രംഗത്തെത്തി. തെളിവുകള്‍ ശേഖരിച്ചശേഷം കോഴ വാങ്ങിയ ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
നവംബര്‍ ഒമ്പതിനു ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി, ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നിവരുടെ മൊഴിയെടുത്തു. നവംബര്‍ 25ന് കേസില്‍ കെ.എം മാണിയുടെ മൊഴി രേഖപ്പെടുത്തി. ബാറുടമകളെ കാണുകയോ അവരില്‍ നിന്നും പണമോ പാരിതോഷികമോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നാണ് മാണി മൊഴി നല്‍കിയത്.
ക്വിക്ക് വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. എസ്.പി ആര്‍ സുകേശന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു.
ഡിസംബര്‍ 17ന് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തുവന്നു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയതിനൊപ്പം പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി രണ്ടു കോടി വാങ്ങിയെന്ന് ബിജു രമേശ് വെളിപ്പെടുത്തി.
മെയ് 29ന് അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചു. ജൂണ്‍ 27ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. ഒക്ടോബര്‍ 29ന് കേസില്‍ തുടരന്വേഷണ ഉത്തരവിട്ടു. ഇതിനെതിരെ വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജിലന്‍സ് ഡയറക്ടറെയും മാണിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് കോടതി ചെയ്തത്. മാണിയ്‌ക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.
ഇതോടെ മാണിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുകയും 2015 നവംബര്‍ 10ന് മാണി മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.
ജനുവരി 13, 2016 ന് തുടരന്വേഷണത്തില്‍ മാണിക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്തനായില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു. ബാറുകള്‍ അടച്ചുപൂട്ടുന്നതുമൂലം കനത്ത നഷ്ടം ഉണ്ടാകുമെന്നതിനാലാണ് ബിജു രമേശ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു സുകേശന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ഇപ്പോള്‍ സുകേശന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നത്.