സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ ബാര്‍ അസോസിയേഷന്‍
Daily News
സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ ബാര്‍ അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2014, 9:15 am

sathasivam[]ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാ ഗവര്‍ണര്‍ ആക്കുന്നതിനെതിരെ ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷനും രംഗത്ത്. മൂല്യങ്ങള്‍ക്ക് നിരക്കാത്ത നടപടിയാണ് ഇതെന്ന് ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ നീക്കം വിവേകശൂന്യമാണെന്ന് അഖിലേന്ത്യാ ബാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ആദിശ് സി. അഗര്‍വാല പറഞ്ഞു. നീതിന്യായ വ്യവസ്ഥയുടെ ഉന്നതസ്ഥാനത്തിരുന്നവര്‍ക്ക് വിരമിക്കലിന് ശേഷം പുതിയ ജോലികള്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തിരുന്നപ്പോള്‍ ബി.ജെ.പി എതിര്‍ത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തിയാണ് സദാശിവം. സദാശിവത്തെ ഗവര്‍ണറാക്കുന്നതിലൂടെ ഈ സ്ഥാനത്ത് മുതിര്‍ന്ന ന്യായാധിപന്റെ സാന്നിധ്യം ഇല്ലാതാകുമെന്നും അഗര്‍വാല ചൂണ്ടിക്കാട്ടി. തങ്ങളുടെ എതിര്‍പ്പ് നേരിട്ട് രാഷ്ട്രപതിയെ അറിയിക്കുമെന്നും ബാര്‍ ഇന്ത്യാ അസോസിയേഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

ജസ്റ്റിസ് സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ പലഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

രാഷ്ട്രപതിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്ക് കീഴില്‍ ഗവര്‍ണറാവുന്നത് ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടന വിദഗ്ദര്‍ ഇത് പരിശോധിക്കണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.