വാഷിങ്ടണ്‍: ജാതി വിവേചനങ്ങളെ നിയമപരമായി നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ നഗരമായി സിയാറ്റില്‍. സിയാറ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷമ സാവന്ത് അവതരിപ്പിച്ച ജാതി വിവേചനത്തിനെതിരെയുള്ള
നിയമം ഒന്നിനെതിരെ ആറ് വോട്ടുകള്‍ക്ക് പാസാകുകയായിരുന്നു. ഈ നിയമം തൊഴിലിടങ്ങളിലും വീടുകളിലും പൊതു ഗതാഗതയിടങ്ങളിലും ബാധകമാണെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു.
ജാതിവിവേചനത്തിനെതിരായ പോരാട്ടം എല്ലാവിധ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ടവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ക്ഷമാ സാവന്ത് പറഞ്ഞു. ഇത് ചരിത്രപരമായ നിമിഷമാണെന്നും ഈ വിജയം രാജ്യമൊട്ടാകെ പരക്കണമെന്നും ക്ഷമ ട്വീറ്റ് ചെയ്തു.
It’s official: our movement has WON a historic, first-in-the-nation ban on caste discrimination in Seattle! Now we need to build a movement to spread this victory around the country ✊ pic.twitter.com/1mBJ1W3v6j
3,000 വര്‍ഷത്തിലേറെ പഴക്കമുള്ളതും ഹിന്ദു സമൂഹത്തെ കൃത്യമായ വിഭാഗങ്ങളിലേക്ക് തരംതിരിക്കുന്നതുമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒന്നല്ല ജാതിപരമായ വേര്‍തിരിവ്. അമേരിക്കയില്‍ ടെക്‌നോളജി മേഖലയിലടക്കം ജോലി ചെയ്യുന്ന ഏഷ്യന്‍ അമേരിക്കന്‍ വിഭാഗം അടക്കമുള്ളവര്‍ ജാതിവിവേചനത്തിന് ഇരകളാകുന്നുണ്ട്. സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സ് അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പിലാക്കിയതിന്റെ തുടര്‍ച്ചയാണെന്നും ക്ഷമാ സാവന്ത് കൂട്ടിച്ചേര്‍ത്തു.
തുല്യത ലാബില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ജാതി-അടിച്ചമര്‍ത്തപ്പെട്ടവരില്‍ നാലില്‍ ഒരാള്‍ ശാരീരികവും വാക്കാലുള്ളതുമായ ആക്രമണങ്ങള്‍ നേരിടുന്നു. മൂന്നില്‍ ഒരാള്‍ വിദ്യാഭ്യാസ വിവേചനവും മൂന്നില്‍ രണ്ടുപേര്‍ ജോലിസ്ഥലത്തെ വിവേചനവും നേരിടുന്നതായും ക്ഷമ പറഞ്ഞു.
ജാതി വിവേചനം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് പ്രവാസികളായ ദക്ഷിണേഷ്യന്‍ ജനതയെയായിരുന്നുവെന്ന് ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെട്ടു.
കാലിഫോര്‍ണിയയിലെ സിലിക്കന്‍ വാലിയിലെ സിസ്‌കോ കമ്പനിയിലും മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളി ജാതി വിവേചനം നേരിട്ടതില്‍ കേസ് നല്‍കിയിരുന്നു. താന്‍ താഴ്ന്ന ജാതിയായതു കൊണ്ടാണ് ഇത്തരത്തില്‍ വിവേചനം നേരിടേണ്ടി വന്നതെന്ന് സൂചിപ്പിച്ചാണ് അദ്ദേഹം അന്ന് കേസ് നല്‍കിയത്.
നേരത്തേ തന്നെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കോള്‍ബി കോളേജ്, ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജാതി വിവേചനത്തിന് എതിരെ സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2021ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് ജാതി സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
നിയമനിര്‍മാണത്തെ വലിയ ആവേശത്തോടെയാണ് ദലിത് ഗ്രൂപ്പുകള്‍ സ്വീകരിച്ചത്. സിയാറ്റില്‍ വെറുപ്പിനെതിരെ സ്‌നേഹം വിജയിച്ചുവെന്ന് ദലിത് ഗ്രൂപ്പ് ഇക്വാലിറ്റി ലാബ്‌സ് ഡയറക്ടറായ തേന്‍മൊഴി സുൗന്ദരരാജ് ട്വീറ്റ് ചെയ്തു.
എന്നാല്‍ നിയനിര്‍മാണത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ രംഗത്ത് വന്നു. ഈ നിയമം ദക്ഷിണേഷ്യന്‍ സമൂഹത്തെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ ആരോപിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ അപലപിക്കുന്നുവെന്നും എന്നാല്‍ ഇത്തരം നിയമങ്ങള്‍ മതാന്ധത വളര്‍ത്തുന്നതിന് കാരണമാകുമെന്നും അവര്‍ പറഞ്ഞു.
അമേരിക്കന്‍ നിയമം ഇതിനോടകം തന്നെ ഇത്തരം വിവേചനങ്ങളെ നിരോധിച്ചിരിക്കുന്നതിനാല്‍ സിയാറ്റിലില്‍ പ്രത്യേകമായി നിരോധനം ആവശ്യമില്ലെന്നാണ് ഇവരുടെ ആരോപണം. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ജനസംഖ്യയുടെ 2% ല്‍ താഴെ മാത്രമാണെന്നും ജാതിയെ അടിസ്ഥാനമാക്കിയുള്ള വ്യാപകമായ വിവേചനത്തിന് തെളിവുകളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യക്കാര്‍ക്ക് ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിദേശരാജ്യമാണ് അമേരിക്കയെന്നും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
content highlight: Banned caste discrimination; Seattle becomes the first American city to enact legislation