Kerala News
ഗുജറാത്ത് പൊലീസിന്റെ കേസ്; യു.പി.ഐ പണമിടപാട് നടത്തിയതിന് കേരളത്തിലെ കച്ചവടക്കാരുടെ അക്കൗണ്ടുകള്‍ ഫ്രീസാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 09, 04:08 am
Sunday, 9th April 2023, 9:38 am

കൊച്ചി: യു.പി.ഐ വഴി പണമിടപാട് നടത്തിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍
ഫ്രീസാകുന്നതായി വ്യാപക പരാതി. കേരളത്തിലെ ധാരാളം ചെറുകിട കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നിസാര കാര്യം പറഞ്ഞ് ഫ്രീസ് ആക്കിയിരിക്കുന്നത്.

ഗുജറാത്തില്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് ഫ്രീസായതെന്നാണ് ബാങ്കിന്റെ മറുപടി. അക്കൗണ്ടുകള്‍ ഫ്രീസായ കേസുകളിലെല്ലാം ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളാണെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

എറണാകുളം മുപ്പത്തടത്ത് ഏഴ് കച്ചവടക്കാരുടെ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഫ്രീസ് ചെയ്തതായി മീഡിയാ വണ്‍ റിപ്പാര്‍ട്ട് ചെയ്തു. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഗുജറാത്തിലെ സംഘത്തിന്റെ ഫോണ്‍ നമ്പറും മെയില്‍ ഐ.ഡിയുമാണ് തന്നെതെന്ന് ഒരു കച്ചവടക്കാരര്‍ പറഞ്ഞു.

വിഷയത്തില്‍ കേരളാ പൊലീസിന്റെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ ഗുജറാത്ത് പൊലീസിന്റെ നടപടിയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് അറിയിച്ചതെന്നും കച്ചവടക്കാര്‍ പറഞ്ഞു.

ഗുജറാത്തിലെ സൈബര്‍ പൊലീസിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോള്‍ ഇ-മെയില്‍ അയച്ച് കാര്യം ബോധിപ്പിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും ഒരു കച്ചവടക്കാര്‍ പറയുന്നു.

ബാങ്കുമായിട്ടാണ് തങ്ങളുടെ ഇടപാടെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.