ധാക്ക: ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് നിര്‍ദേശം നല്‍കിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശ് കാബിനറ്റ് സെക്രട്ടറി ഖണ്ഡ്ക്കര്‍ അന്‍വാറുല്‍ ഇസ്‌ലാമിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂണ്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സമരം ശക്തമാക്കിയിരുന്നു. വിവിധ ഹിന്ദു സംഘടനകളും വിദ്യാര്‍ഥി സംഘടനകളും മറ്റ് സംഘങ്ങളുമാണ് രാജ്യ തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം ശക്തമാക്കിയത്.
അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.
ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ഈ മാസം 23 മുതല്‍ പൂജാ ദിനത്തിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 15നാണ് ബംഗ്ലാദേശില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ചിരുന്നു.