ഇന്ത്യയുടെ ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് കളമൊരുങ്ങുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരമാണ് ഷേര്‍-ഇ-ബംഗ്ലയില്‍ വെച്ച് നടക്കുന്നത്.
ആദ്യ മത്സരത്തില്‍ ആധികാരികമായി ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും അതേ ഡോമിനന്‍സ് ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഏയ്‌സായ വിരാട് കോഹ്‌ലിയെ തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒറ്റ റണ്‍സ് മാത്രമെടുത്ത് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്കെതിരെ തന്ത്രങ്ങള്‍ മെനയുകയാണെന്ന് പറയുകയാണ് ബംഗ്ലാദേശ് കോച്ച് അലന്‍ ഡൊണാള്‍ഡ്. വിരാടിനെ പുറത്താക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ പന്തെറിയുന്നത് പോലൊയാണ് വിരാടിനെതിരെ പന്തെറിയുന്നതെന്നായിരുന്നു ഡൊണാള്‍ഡിന്റെ അഭിപ്രായം.
‘വിരാടിനെതിരെ പന്തെറിയുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ പന്തെറിയുന്നതിന് സമമാണ്. അവന്‍ കളിക്കാന്‍ കളത്തിലിറങ്ങുമ്പോള്‍ നിങ്ങളെ സംബന്ധിച്ച് എല്ലാ അവസരവും പരമപ്രധാനമാണ്. അവനെതിരെ ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെടുത്തിയാല്‍ ഞങ്ങള്‍ ഏറെ കഷ്ടപ്പെടേണ്ടി വരും,’ ഡൊണാള്‍ഡ് പറയുന്നു.
അതേസമയം, ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയിലെ പരാജയം മറക്കാന്‍ മാത്രമല്ല, മറിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സാധ്യത സജീവമാക്കാനും ഇന്ത്യക്ക് രണ്ടാം ടെസ്റ്റില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള നാല് ടെസ്റ്റില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.
ബംഗ്ലാദേശ് പര്യടനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മക്ക് രണ്ടാം ടെസ്റ്റും നഷ്ടമായിരിക്കുകയാണ്. അതിനാല്‍ ആദ്യ ടെസ്റ്റില്‍ കളിച്ച അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക.