Entertainment
നല്ലൊരു ഡ്രസിന് കൊതിച്ച കാലമുണ്ടായിരുന്നു എനിക്ക്; കൂട്ടുകാരില്‍ നിന്ന് മാറിനടന്നു: മഞ്ജുഷ കോലോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 03:48 am
Saturday, 5th April 2025, 9:18 am

സത്യന്‍ അന്തിക്കാടന്‍ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായിരുന്ന അഭിനേതാവാണ് മഞ്ജുഷ കോലോത്ത്. മിക്ക സിനിമകളിലും നായകന്റെ സഹോദരി ആയിട്ടായിരുന്നു മഞ്ജുഷ അഭിനയിച്ചിരുന്നത്.

2006ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുഷക്ക് കഴിഞ്ഞു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലും മഞ്ജുഷ അഭിനയിച്ചിരുന്നു.

ഇപ്പോള്‍ തന്റെ കുട്ടികാലത്തെ കുറിച്ച് പറയുകയാണ് മഞ്ജുഷ കോലോത്ത്. നല്ലൊരു ഡ്രസിന് പോലും കൊതിച്ച ഒരു കാലം തനിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജുഷ.

‘എനിക്ക് മറ്റുള്ളവരോട് പറയുന്നതില്‍ നാണക്കേടൊന്നും ഇല്ലാത്ത ഒരു കാര്യമുണ്ട്. സത്യത്തില്‍ പണ്ട് നല്ലൊരു ഡ്രസിന് പോലും കൊതിച്ച ഒരു കാലം എനിക്ക് ഉണ്ടായിട്ടുണ്ട്.

എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടുണ്ട്. ഞാന്‍ കഴിഞ്ഞ ദിവസം അവളോട് സംസാരിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ‘നിന്റെ പണ്ടത്തെ ഡ്രസ് പോലും എനിക്ക് ഓര്‍മയുണ്ട്’ എന്നാണ്.

കാരണം അന്നൊക്കെ എനിക്ക് രണ്ട് ഡ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും സേഫ്റ്റി പിന്നൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്താണ് ഇട്ടത്. മൊത്തത്തില്‍ അഡ്ജസ്റ്റ്‌മെന്റിലാണ് ഞാന്‍ പോയത്.

പണ്ട് സ്‌കൂളില്‍ യൂണിഫോമിന്റെ കാര്യം ഒരു ഡിസിഷനില്‍ എത്താതിരുന്ന സമയത്ത് കുറച്ച് കാലം ഞങ്ങള്‍ ക്ലാസില്‍ കളര്‍ ഡ്രസും ഇട്ടിട്ടാണ് പോയത്. എനിക്ക് അന്ന് അധികം ഡ്രസുകള്‍ ഉണ്ടായിരുന്നില്ല.

കൂടെ നടക്കുന്ന കുട്ടികളൊക്കെ നല്ല നല്ല ഡ്രസുകള്‍ ഇട്ടിട്ടാണ് വരിക. ആ സമയത്ത് നമുക്ക് ഒരു ഈഗോ തോന്നും. ആ പ്രായത്തില്‍ നമുക്ക് തീര്‍ച്ചയായും ഒരു കോംപ്ലക്‌സ് തോന്നുമല്ലോ.

ഞാന്‍ അവരുടെ കൂടെ നടക്കില്ലായിരുന്നു. എപ്പോഴും മാറി നടക്കും. കാരണം എനിക്ക് അവരുടെ കൂടെ നടക്കാന്‍ വലിയ മടിയായിരുന്നു. പക്ഷെ അമ്മയോട് എനിക്ക് അതിന് ഒരു ദേഷ്യമൊന്നും തോന്നിയിരുന്നില്ല. കാരണം, എന്റെ അമ്മ വളരെയേറെ സ്ട്രഗിള്‍ ചെയ്യുന്ന ആളാണെന്ന് എനിക്ക് അറിയാമായിരുന്നു.

അതുകൊണ്ട് ഞാന്‍ നന്നായി അഡ്ജസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനമുണ്ട്. അമ്മ എപ്പോഴും അതിനെ കുറിച്ച് പറയുകയും ചെയ്യും,’ മഞ്ജുഷ കോലോത്ത് പറയുന്നു.


Content Highlight: Manjusha Kolooth Talks About Her Childhood