Kerala News
ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിനുള്ള വീട് നിര്‍മാണം പൂര്‍ത്തിയാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 03:55 am
Saturday, 5th April 2025, 9:25 am

തിരുവനന്തപുരം: തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ഉത്തരവില്‍ നഗരസഭാ സെക്രട്ടറി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്.

വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടതിന് പിന്നാലെ വീട് നിര്‍മാണത്തിനായി റെയില്‍വേ 13 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വീട് നിര്‍മിക്കുന്നതിനായി ഭൂമി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

ഭൂമിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് നിര്‍മിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയെ 46 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തോട്ടില്‍ ഇറങ്ങിയ ഉടനെ വെള്ളത്തിന്റെ ഒഴുക്കില്‍ പെട്ട് ജോയ് അടിതെറ്റി വീഴുകയായിരുന്നു. കയറിട്ട് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. നഗരസഭയിലെ താത്കാലിക ശുചീകരണ തൊഴിലായായിരുന്നു ജോയ്.

സംഭവത്തിന് പിന്നാലെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് നഗരസഭയും റെയില്‍വേ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അടുത്തിടെ ആമയിഴഞ്ചാന്‍ തോട്ടില്‍വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

തോട്ടില്‍ മാലിന്യം നിക്ഷേപിച്ചതിന് പുറമെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും റെയില്‍വേ സമാനമായി മാലിന്യം നിക്ഷേപിച്ചെന്നും മേയര്‍ അന്ന് ആരോപിച്ചിരുന്നു.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം കുമിഞ്ഞ് കൂടികിടന്ന മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ആ ഏജന്‍സി നഗരമധ്യത്തില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മാലിന്യം നിക്ഷേപിക്കുകയായിരുന്നു.

സംഭവം കയ്യോടെ പിടികൂടിയതോടെയാണ് ഇത് റെയില്‍വേ ഭൂമിയിലെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റെയില്‍വേക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Content Highlight: must be completed the construction of a house for the family of Joy, Human Rights Commission intervenes