Entertainment
ഒന്നിച്ചഭിനയിച്ചിട്ടും ആ നടനൊപ്പം ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് പരിഭവമുണ്ട്: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 03:55 am
Saturday, 5th April 2025, 9:25 am

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് നടി സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ ചെയ്യാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ നടിക്ക് കഴിഞ്ഞിരുന്നു. പ്രിയാമണി പ്രധാനവേഷത്തിലെത്തി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. പ്രിയാമണിയോടൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അദ്ദേഹത്തിനോടൊപ്പം ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ചെറിയ പരിഭവമുണ്ട് – പ്രിയാമണി

ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നടക്കുന്നത് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയിലൂടെയാണെന്നും പ്രിയാമണി പറയുന്നു. ഒന്നിച്ച് അഭിനയിച്ചെങ്കിലും ഇരുവരും ഒന്നിച്ച് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതില്‍ തനിക്ക് പരിഭവമുണ്ടെന്നും പ്രിയാമണി പറഞ്ഞു.

‘കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന്മാരുടെ ബക്കറ്റ് ലിസ്റ്റില്‍ ചാക്കോച്ചന്റെ പേരും ഉണ്ടായിരുന്നു. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് ഞങ്ങള്‍ ഒന്നിച്ച ചിത്രം. അദ്ദേഹവും ഞാനും തമ്മില്‍ ഇപ്പോഴും ഒരു ബഹുമാനം സൂക്ഷിക്കുന്നുണ്ട്.

എന്നെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു

മഴവില്‍ മനോരമയില്‍ ഡി4 ഡാന്‍സ് പരിപാടി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ചാക്കോച്ചനെ ആദ്യമായി കാണുന്നത്. ഒരു ഓണം എപ്പിസോഡിന് വേണ്ടിയാണ് അദ്ദേഹം വന്നത്. എനിക്ക് തോന്നുന്നത് അതൊരു പത്ത്, പന്ത്രണ്ട് വര്‍ഷം മുമ്പാണെന്നാണ്. എനിക്ക് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന് എന്റെയും വര്‍ക്കുകളറിയാം. ഞങ്ങള്‍ ഹായ് ഹലോ പറയും.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വര്‍ക്ക് ചെയ്യുമ്പോഴും അദ്ദേഹത്തിനോടൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത് എന്ന തോന്നലേ ഉണ്ടായിരുന്നില്ല. ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നത് വളരെ രസമുള്ള കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിനോടൊപ്പം ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ചെറിയ പരിഭവമുണ്ട്. ഈ സിനിമയില്‍ ഡാന്‍സ് കളിക്കാനുള്ള സാഹചര്യം ഒന്നും ഇല്ലല്ലോ,’ പ്രിയാമണി പറയുന്നു.

Content Highlight: Priyamani Talks About  Kunchacko Boban