കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന് അവസരം നല്‍കി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവ്. നദിയ ജില്ലയിലെ കിഷന്‍ നഗര്‍ സ്വദേശിയായ ബീഷൂ ഷെയ്ക്കാണ് കോമഡി ഉത്സവ് വേദിയിലെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സിലൂടെ മലയാളികളുടെ മനസു കീഴടക്കിയത്.
ഹിന്ദിയിലെ പ്രധാന ഗായികാ ഗായകന്മാരുടെ ശബ്ദം അനുകരിച്ച് പാടിയാണ് അദ്ദേഹം കോമഡി ഉത്സവ് വേദിയെ ഞെട്ടിച്ചത്. കിഷോര്‍ കുമാറിന്റെ ശബ്ദത്തില്‍ “മേരേ സപ്‌നോം കി റാണി” എന്ന ഗാനം പാടിയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് ലതാമങ്കേഷ്‌കറിന്റെ ശബ്ദം അനുകരിച്ചും അദ്ദേഹം കോമഡി ഉത്സവ് പ്രേക്ഷകരുടെ കയ്യടി നേടി.
മലയാളത്തില്‍ “ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേയെന്ന ഗാനവും അദ്ദേഹം പാടി. മലയാള സിനിമകള്‍ കാണാറുണ്ടെന്നു പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍ നായകനായ നരന്‍ ആണ്‍ ഇഷ്ട ചിത്രമെന്നും പറഞ്ഞു.
മലയാളത്തില്‍ ഇഷ്ടപ്പെട്ട താരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്നാണദ്ദേഹം മറുപടി പറഞ്ഞത്.
പെരുമ്പടം കവലയിലെ ജെട്ടി ഏജന്‍സീസ് എന്ന വ്യാപാര സ്ഥാപനത്തില്‍ ചുമട്ടു തൊഴിലാളിയാണ് ബീഷൂ ഷെയ്ക്ക്. മൂന്നുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിഷൂ ഷെയ്ക്ക് മലയാളം പഠിച്ചുവരുന്നതേയുള്ളൂ. ഭാര്യയും രണ്ടു കുട്ടികളും മാതാവും അടങ്ങുന്നതാണ് ബിഷൂവിന്റെ കുടുംബം.
ഇതരസംസ്ഥാന തൊഴിലാളിയായ കലാകാരനു അവസരം കൊടുത്ത കോമഡി ഉത്സവത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. “എന്റെ ചങ്ങായീ ഇജ്ജ് പൊളിച്ചു മുത്തേ ,,, ബംഗാളികള്‍ എന്ന് നമ്മള്‍ വിളിച്ചു കളിയാക്കുമ്പോഴും നമുക്കറിയില്ലല്ലോ ആരുടേയാ ഉള്ളില്‍ കലാകാരന്‍ ഉള്ളത് എന്ന് , ഇത് പോലുള്ള വെറൈറ്റി പരിപാടി കാണാന്‍ തന്നെ എന്തൊരു സന്തോഷം,,,” എന്നു പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയ ബീഷൂ ഷെയ്ക്കിന്റെ പെര്‍ഫോമെന്‍സ് ആഘോഷിക്കുന്നത്.