ലോകമെമ്പാടുമുള്ള ആക്ഷന്‍ സിനിമാപ്രേമികളുടെ ഇഷ്ടകഥാപാത്രമാണ് ജോണ്‍ വിക്ക്. ഭൂതകാലത്തെ ഓര്‍മകള്‍ കുഴിച്ചുമൂടി ജീവിക്കുന്ന ജോണ്‍, തന്റെ പങ്കാളി സ്‌നേഹത്തോടെ സമ്മാനിച്ച നായക്കുട്ടിയെ കൊന്നവര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ഇറങ്ങുന്നതുതൊട്ടാണ് കഥ ആരംഭിക്കുന്നത്. പിന്നീട് മൂന്ന് ഭാഗങ്ങള്‍ കൂടി ഇറങ്ങിയ ഫ്രാഞ്ചൈസിയിലെ എല്ലാ സിനിമകളും തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. 2023ല്‍ ചിത്രത്തിന്റെ നാലാം ഭാഗവും പുറത്തിറങ്ങിയിരുന്നു.
ജോണ്‍ വിക്ക് എന്ന കഥാപാത്രത്തിന്റെ മരണം കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിച്ചത്. എന്നിരുന്നാലും അതേ യൂണിവേഴ്‌സില്‍ മറ്റ് കഥാപാത്രങ്ങളെ വെച്ചുള്ള സിനിമകള്‍ക്ക് സാധ്യത ബാക്കിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ജോണ്‍ വിക്ക് യൂണിവേഴ്‌സിലെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഫ്രം ദ വേള്‍ഡ് ഓഫ് ജോണ്‍ വിക്ക്: ബാലെറീന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
ഹോളിവുഡ് സൂപ്പര്‍താരം അന ഡെ ആര്‍മസാണ് ബാലെറീനയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ അന ട്രെയ്‌ലറില്‍ തിളങ്ങുന്നുണ്ട്. കോണ്ടിനെന്റല്‍ ഹോട്ടലിലെ സ്ഥിരം അംഗങ്ങളായ വിന്‍സണ്‍ സ്‌കോട്ട്, ഷാരോണ്‍ എന്നിവര്‍ ഈ ചിത്രത്തിലുമുണ്ട്. ജോണ്‍ വിക്കിന്റെ മൂന്നാം ഭാഗത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ക്കിടയിലാണ് ബാലെറീനയുടെ കഥ നടക്കുന്നത്.
റസ്‌ക റോമയുടെ ശിക്ഷണത്തില്‍ അസാസിന്‍ ആകാന്‍ പരിശീലനം നേടുന്ന ഇവ മക്കാറോ ആയിട്ടാണ് അന അഭിനയിക്കുന്നത്. ചിലരോടുള്ള പ്രതികാരം തീര്‍ക്കുക എന്നതാണ് ഇവയുടെ ലക്ഷ്യമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ട്രെയ്‌ലറിന്റെ ഒടുവില്‍ സാക്ഷാല്‍ ജോണ്‍ വിക്കും പ്രത്യക്ഷപ്പെടുന്നുണ്ട്. വെറും 20 സെക്കന്‍ഡ് മാത്രമുള്ള ഭാഗം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
ലയണ്‍സ്‌ഗേറ്റ് നിര്‍മിക്കുന്ന ചിത്രം 2025 ജൂണില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ബാബ യാഗയുടെയും ബാലെറീനയുടെയും ആക്ഷന്‍ രംഗങ്ങല്‍ തിയേറ്ററില്‍ തീ പാറിക്കുമെന്ന് ഉറപ്പാണ്. ഇതേ യൂണിവേഴ്‌സിലെ മറ്റ് കഥാപാത്രങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമോ എന്നറിയാന്‍ വേണ്ടി സിനിമാലോകം കാത്തിരിക്കുകയാണ്.