Advertisement
India
ബാലാകോട്ട് ആക്രമണം നടന്നത് കാശ്മീരിലാണ് പാക്കിസ്ഥാനിലല്ല; കേന്ദ്രസര്‍ക്കാരിനെതിരെ ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 10, 07:32 am
Monday, 10th June 2019, 1:02 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ബാലാക്കോട്ട് ആക്രമണം നടന്നത് പാക് അധീന കാശ്മീരില്‍ അല്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. യഥാര്‍ത്ഥത്തില്‍ അത്തരമൊരു ആക്രമണം നടന്നത് കാശ്മീരില്‍ തന്നെയാണെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്.

അവരുടെ മണ്ണില്‍ പോയി അവരെ ആക്രമിച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആളുകള്‍ക്ക് എല്‍.ഒ.സി ( നിയന്ത്രണ രേഖ) യെ കുറിച്ചോ അവിടുത്ത സാഹചര്യത്തെ കുറിച്ചോ അറിയില്ല.

പാക്കിസ്ഥാനെതിരെ തിരിച്ചടി നല്‍കണമെന്ന വികാരം മാത്രമേ അവര്‍ക്കുള്ളൂ. ബാലാകോട്ട് ആക്രമണം അവകാശപ്പെടുന്നതുപോലെ അവരുടെ മണ്ണില്‍ ചെന്ന് നടത്തിയ ആക്രമണമല്ല. കാശ്മീരില്‍ ഇന്ത്യയുടെ മണ്ണില്‍ നിന്നാണ് ആക്രമണം നടത്തിയത്- പവാര്‍ പറഞ്ഞു.

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സൈനിക വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യ ബാലാകോട്ട് ആക്രമണം നടത്തിയത്. ബാലാകോട്ടെ ജെയ്‌ഷെയുടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. ബാലാകോട്ട് ആക്രമണം വിവിധ തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ മോദിയും അമിത്ഷായും ഉപയോഗിക്കുകയും ചെയ്തിരുന്നു.