കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോള്‍ ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത് കടുത്ത ലീഗ് വിരുദ്ധനായ ഉമര്‍ഫൈസി മുക്കത്തെ. ലീഗ് അനുഭാവിയായ ബഹാഉദ്ദീന്‍ നദ്‌വിയെ നീക്കിയാണ് ഉമര്‍ഫൈസിയെ സര്‍ക്കാര്‍ നിയമിച്ചത്.
ബഹാഉദ്ദീന്‍ നദ്‌വിയായിരുന്നു എസ്.എം.എഫിന്റെ നേതൃത്വത്തിലുള്ള ക്യാമ്പയിനിന്റെ ഭാഗമായി സുപ്രഭാതത്തില്‍ ലേഖനമെഴുതിയിരുന്നത്. ലേഖനത്തിലുടനീളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള പ്രസ്താവനകളായിരുന്നു. എന്നാല്‍ കടുത്ത ലീഗ് വിരുദ്ധ ചേരിയിലുള്ള ഉമര്‍ ഫൈസി ഇടതുപക്ഷത്തോട് സൗഹൃദം സൂക്ഷിക്കുന്നയാളാണ്. ഇതാണ് അദ്ദേഹത്തിന്റെ നിയമനത്തിന് കാരണമായി പറയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമസ്ത മുശാവറ അംഗം കൂടിയായ ഉമര്‍ ഫൈസി പങ്കെടുത്തിരുന്നു. അന്ന് സര്‍ക്കാരിനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നു എന്നായിരുന്നു ഉമര്‍ ഫൈസി മുക്കം അന്ന് പറഞ്ഞിരുന്നത്.
ലീഗ് അനുകൂലികളായ ഇ.കെ. വിഭാഗം പ്രവര്‍ത്തകരെ ഇത് ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സമസ്തയുടെ നിലപാടല്ലാ എന്നും സമസ്തയുടെ നിലപാട് പറയേണ്ടത് താനാണെന്നും പറഞ്ഞാണ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇതിനെ പ്രതിരോധിച്ചത്. അതുകൊണ്ട് തന്നെ ഇ.കെ. ഗ്രൂപ്പിലെ ലീഗ്/ലീഗ് വിരുദ്ധ വടംവലിയുടെ ബാക്കിപത്രം കൂടിയായിട്ടാണ് പുതിയ നിയമനത്തെ വിലയിരുത്തുന്നത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസി വീണ്ടും കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സി. മുഹമ്മദ് ഫൈസി ചെയര്‍മാനായ 2018- 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ, പി വി അബ്ദുല്‍ വഹാബ് എം.പി, പി.ടി.എ. റഹീം എം.എല്‍.എ, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, സഫര്‍ കായല്‍, പി.ടി. അക്ബര്‍, പി.പി. മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ.പി. സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.എം. മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുല്‍ സലാം, ഡോ. പി.എ. സയ്യദ് മുഹമ്മദ് എന്നിവരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്‌സ് ഒഫീഷ്യോ അംഗമാണ്.