അഴിച്ചുപണികള്‍ കഴിഞ്ഞിട്ടും ചര്‍ച്ചകള്‍ അവസാനിക്കാതെ ബി.ജെ.പി; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ഇന്ന് രണ്ട് യോഗങ്ങള്‍
national new
അഴിച്ചുപണികള്‍ കഴിഞ്ഞിട്ടും ചര്‍ച്ചകള്‍ അവസാനിക്കാതെ ബി.ജെ.പി; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ഇന്ന് രണ്ട് യോഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 8:21 am

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ബി.ജെ.പിയില്‍ തുടര്‍ച്ചയായ യോഗങ്ങള്‍. ഇന്ന് രണ്ട് യോഗങ്ങള്‍ ചേരുമെന്നാണ് വിവരം. പുനഃസംഘടിപ്പിച്ച മന്ത്രിസഭയുടെ ആദ്യ യോഗവും ഇന്ന് നടക്കും.

അതേസമയം, മന്ത്രി പദവി നഷ്ടമായ മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പി. പാര്‍ട്ടി ചുമതല നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറു വനിതകളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേന്ദ്ര മന്ത്രിമാരില്‍ സ്ത്രീകളുടെ എണ്ണം 11 ആയി. പട്ടിക വിഭാഗങ്ങളില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം 20 ആയി. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കാണ്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയാണ് ലഭിച്ചത്. അസം മുന്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനോവാളിന് തുറമുഖം ജലഗതാഗതം ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയാണ്.

ഹര്‍ഷ് വര്‍ധന് പകരം മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രവി ശങ്കര്‍ പ്രസാദിന് പകരം ഒഡീഷ എം.പി. അശ്വിനി വൈഷ്‌ണോവാണ് ഐ.ടി. മന്ത്രി. നിയമ മന്ത്രാലയത്തിന്റെ ചുമതല കിരണ്‍ റിജ്ജുവിനാണ്. അനുരാഗ് ഠാക്കൂറിന് വാര്‍ത്ത വിതരണവും, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയുമാണ്.

മലയാളിയും കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യ വികസനം, ഇലക്ട്രോണിക്‌സ്, ഐ.ടി. സഹമന്ത്രിയാണ്. വിദേശകാര്യം, പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി വി.മുരളീധരന്‍ തുടരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Back-to-back meetings of Union Cabinet, Council of Ministers expected today