ജോജി, നിസാരമായ കാര്യം കൊണ്ട് ഡയലോഗ് തെറ്റിച്ച സിനിമ; ഒടുവില്‍ കോംപ്രമൈസായി: ബാബുരാജ്
Entertainment
ജോജി, നിസാരമായ കാര്യം കൊണ്ട് ഡയലോഗ് തെറ്റിച്ച സിനിമ; ഒടുവില്‍ കോംപ്രമൈസായി: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2024, 6:27 pm

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. 2021ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ഫഹദ് ഫാസിലായിരുന്നു നായകനായത്. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ കഥ ഒരുക്കിയത്.

ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

ചിത്രത്തില്‍ ബാബുരാജിന്റെ ഏറെ വൈറലായ ഒരു ഡയലോഗായിരുന്നു ‘ഇനി അതും പറഞ്ഞു നടക്കുന്നവരെ ഞാന്‍ നിയമപരമായും കായികമായും നേരിടുന്നതായിരിക്കും’ എന്നുള്ളത്. ഈ ഡയലോഗിനെ കുറിച്ച് പറയുകയാണ് ബാബുരാജ്.

‘നിസാരമായ കാര്യം കൊണ്ട് ഞാന്‍ ഡയലോഗ് തെറ്റിച്ച സിനിമയാണ് ജോജി. ആ പടത്തില്‍ ഒരു ഡയലോഗുണ്ട്. ‘ഇനി അതും പറഞ്ഞു നടക്കുന്നവരെ ഞാന്‍ നിയമപരമായും കായികമായും നേരിടുന്നതായിരിക്കും’ എന്നായിരുന്നു പറയേണ്ടത്.

ഡയറക്ടര്‍ അത് അങ്ങനെ തന്നെ പറയമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ പറയുമ്പോള്‍ എപ്പോഴും ‘അവരെ ഞാന്‍ കായികമായും നിയമപരമായും നേരിടുന്നതായിരിക്കും’ എന്നാണ് വരുന്നത്. ഒരു ടേക്ക് കഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെയല്ല ‘നിയമപരമായും കായികമായും’ എന്നാണ് വേണ്ടതെന്ന് പറഞ്ഞു.

അവസാനം നാല് ടേക്ക് ആയതോടെ ശ്യാം വന്നിട്ട് ചേട്ടന്‍ ഇനി അങ്ങനെ തന്നെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ‘ബാബു ചേട്ടന്‍ അങ്ങനെയേ പറയുള്ളൂ. കാരണം പുള്ളി ആദ്യമേ കായികപരമായേ നേരിടുള്ളു’വെന്നും അവന്‍ പറഞ്ഞു. അവസാനം അവര്‍ തമ്മില്‍ ആ ഡയലോഗിന്റെ കാര്യത്തില്‍ കോംപ്രമൈസായി,’ ബാബുരാജ് പറയുന്നു.

Content Highlight: Baburaj Talks About Joji Movie Dialogue