കച്ചവടക്കാരുടെ ആഗോളസംഗമം
Opinion
കച്ചവടക്കാരുടെ ആഗോളസംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2012, 4:20 pm

കേരളത്തിന് ഭക്ഷ്യസുരക്ഷ ആവശ്യമില്ലെന്നാണ് പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആലുവാലിയ പറഞ്ഞു. നെല്‍കൃഷി ചെയ്യേണ്ട കാര്‍ഷിക ഭൂമിയില്‍ നെല്‍കൃഷി ചെയ്യേണ്ടതില്ല. ബാബുഭരദ്വാജ് എഴുതുന്നു..

 


എസ്സേയ്‌സ്‌/ബാബു ഭരദ്വാജ്‌


എമേര്‍ജിങ് കേരളയില്‍ എന്താണ് സംഭവിക്കുന്നത്? ഭൂമി കച്ചവടമാണെന്നും പരിസ്ഥിതിയെ കൊള്ളയടിക്കലാണെന്നും പ്രതിപക്ഷവും ഭരണപക്ഷത്തെ പലരും പ്രത്യക്ഷമായി പറയുന്നു. ഭരണപക്ഷത്തെ പരോക്ഷമായി സൂചിപ്പിക്കുന്നു. കച്ചവടം നടന്ന് കഴിഞ്ഞാലേ എത്രത്തോളം കച്ചവടം നടന്നുവെന്ന് കൃത്യമായി പറയാന്‍ പറ്റൂ. മാമാങ്കത്തിനെത്തിയ മുഖ്യപരികര്‍മികളുടെ പരസ്യപ്രസ്താവനകള്‍ വായിച്ചാല്‍ ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന് ബോധ്യമാവും.[]

പ്രധാനമന്ത്രി പറഞ്ഞത് കേരളത്തെ കരുത്തുറ്റ നിക്ഷേപകേന്ദ്രമാക്കുമെന്നാണ്. അതിനോട് വിയോജിക്കേണ്ട കാര്യമില്ല. എന്നാല്‍ അതെങ്ങിനെ എന്ന ചോദ്യം പ്രസക്തമാണ്. അതിനായി കേരളം അതിന്റെ സ്വാഭാവിക പരിസ്ഥിതിയെ വിറ്റുകലയ്‌ക്കേണ്ടി വരുമോ?

കേരളത്തിന് ഭക്ഷ്യസുരക്ഷ ആവശ്യമില്ലെന്നാണ് പ്ലാനിങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആലുവാലിയ പറഞ്ഞു. നെല്‍കൃഷി ചെയ്യേണ്ട കാര്‍ഷിക ഭൂമിയില്‍ നെല്‍കൃഷി ചെയ്യേണ്ടതില്ല. അവിടെ വ്യവസായങ്ങള്‍ ഉണ്ടായാല്‍ അതാണ് നല്ലത്. ഇപ്പറഞ്ഞത് പണ്ടൊരു കേരളമന്ത്രി എളമരം കരീം തെങ്ങിന്റെ മണ്ടയില്‍ വ്യവസായം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന്റെ വേറൊരു രൂപമാണ്. സസ്യപ്രകൃതിയില്ലാത്ത ഒരു കേരളമാണ് അവരുടെയൊക്കെ ഭാവനയിലുള്ളത്.

സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്തവര്‍ക്ക് ഒരുപക്ഷെ സ്വാശ്രയ കോളേജുകള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും കഴിഞ്ഞേക്കും. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരെ സമരം നടത്തിയവര്‍ക്ക് വിദ്യാഭ്യാസ കച്ചവടം ഒരു ഹോബിയാക്കാം.

അവസാനത്തെ പച്ചത്തുരുത്തും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇടത്- വലത് ഭേദമില്ലാതെ എല്ലാവരും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിനിടയില്‍ ഒരു പൊതുയോഗത്തില്‍ കേരളത്തിലെ കുന്നും മലകളും ഇല്ലാതാക്കുന്നതിനെക്കുറിച്ച്, കേരളത്തിലെ പച്ചപ്പ് നശിപ്പിക്കുന്നതിനെക്കുറിച്ച് കണ്ണൂരിലെ ഒരു ജയരാജന്‍ ആവേശഭരിതനാവുന്നതും കണ്ടു. അതും ഒരു ഫലിതം തന്നെയാണ്. അവരെന്താണ് ഇതുവരെ ചെയ്തുകൊണ്ടിരുന്നതതെന്ന് അവരറിയുന്നില്ലേ?

സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്തവര്‍ക്ക് ഒരുപക്ഷെ സ്വാശ്രയ കോളേജുകള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും കഴിഞ്ഞേക്കും. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കെതിരെ സമരം നടത്തിയവര്‍ക്ക് വിദ്യാഭ്യാസ കച്ചവടം ഒരു ഹോബിയാക്കാം.

കേരളം കുത്തനെ വളരണമെന്നാണ് സാം പിട്രോഡ പറഞ്ഞത്. സ്ഥലക്ഷാമം പരിഹരിക്കാനുള്ള ചെപ്പടി വിദ്യാണത്. അത്രത്തോളം ഭൂമിയ്ക്ക് ക്ഷതമേല്പ്പിക്കുമെന്നും ഭൂചലന സാധ്യതകളെ ത്വരിതപ്പെടുത്തുമെന്നും ആലോചിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

പങ്കെടുക്കുന്ന വ്യവസായികള്‍ മുഴുവനും കേരളത്തെ താരതമ്യപ്പെടുത്തുന്നത് ദുബായിയുമായാണ്. ദുബൈയില്‍ അങ്ങിനെയാണെങ്കില്‍ ഇവിടെ എന്തുകൊണ്ട് അങ്ങിനെയായിക്കൂടെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. കേരളവും ദുബൈയും രണ്ട് വ്യത്യസ്ത പാരിസ്ഥിതിക മേഖലകളാണെന്നും കേരളത്തിന്റെ പ്രകൃതിയെ ഉന്മൂലനം ചെയ്താല്‍ ഉണ്ടാവുന്ന പ്രത്യാഘാതം പരിഹരിക്കാന്‍ ഒരിക്കലും ആവില്ലെന്നും ഈ വികസന പുണ്യവാളന്മാര്‍ ആലോചിക്കുന്നില്ല. ഹരിതഭൂമിയെ മരുഭൂമിയാക്കാന്‍ എളുപ്പമാണ്. മരുഭൂമിയെ മലര്‍വാടിയാക്കാന്‍ അത്ര എളുപ്പമല്ല.

എമേര്‍ജിങ് കേരളയില്‍ കാനഡയിലെ ലാവ്‌ലില്‍ കമ്പനിക്കാരും എത്തിയിട്ടുണ്ടേ്രത! എന്ത് തട്ടിപ്പിനായിരിക്കും അവരെത്തിയിരിക്കുന്നത്? എന്തായാലും സംഗതികള്‍ ശുഭസൂചകമല്ല.

കേരളത്തെ വികസന പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ നാടിനേയും നാട്ടുരേയുമറിയുന്ന പ്രതിഭാശാലികള്‍ ഉണ്ടായിരിക്കണം. അവരെ ആരേയും അവിടെ കണ്ടില്ല. കച്ചവടക്കാരുടെ ആഗോളസംഗമമായി എമേര്‍ജിങ് കേരള മാറുമോ എന്ന് ആശങ്കിക്കാനേ ഈ അവസരത്തില്‍ കഴിയൂ.