Sports News
ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് തികച്ചിട്ടും സ്ഥാനം വിരാടിന് പിന്നില്‍; കിങ് കോഹ്‌ലിക്ക് ശേഷം രണ്ടാമനായി 'കിങ്' ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 01:47 pm
Friday, 14th February 2025, 7:17 pm

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ട്രൈനേഷന്‍ സീരീസ് നാഷണല്‍ സ്‌റ്റേഡിയം കറാച്ചിയില്‍ തുടരുകയാണ്. ഫൈനലില്‍ ന്യൂസിലാന്‍ഡ് ആതിഥേയരായ പാകിസ്ഥാനെയാണ് നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 242 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (76 പന്തില്‍ 46), സല്‍മാന്‍ അലി ആഘാ (65 പന്തില്‍ 45), തയ്യിബ് താഹിര്‍ (33 പന്തില്‍ 38) എന്നിവരുടെ കരുത്തിലാണ് പാകിസ്ഥാന്‍ മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

മുന്‍ നായകന്‍ ബാബര്‍ അസം 34 പന്തില്‍ 29 റണ്‍സുമായി പുറത്തായി. സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യാന്‍ സാധിച്ചില്ലെങ്കിലും കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ ബാബറിന് സാധിച്ചിരുന്നു.

ഏകദിനത്തില്‍ 6,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണാണ് താരം പിന്നിടുന്നത്. ഈ റെക്കോഡിലെത്തുന്ന 66ാം താരവും 11ാം പാകിസ്ഥാന്‍ താരവുമാണ് ബാബര്‍ അസം.

കരിയറിലെ 123ാം ഇന്നിങ്‌സിലാണ് ബാബര്‍ 6,000 റണ്‍സ് മാര്‍ക് പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും ബാബര്‍ അസമിന് സാധിച്ചു.

ഏകദിനത്തില്‍ ഏറ്റവും വേഗം 6,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരം

(താരം – ടീം – ഈ നേട്ടത്തിലെത്താന്‍ ആവശ്യമായി വന്ന ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 123

ബാബര്‍ അസം – പാകിസ്ഥാന്‍ – 123*

വിരാട് കോഹ്‌ലി – ഇന്ത്യ – 136

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 139

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 139

ശിഖര്‍ ധവാന്‍ – ഇന്ത്യ – 140

123 ഇന്നിങ്‌സില്‍ നിന്നും 55.73 ശരാശരിയില്‍ 6,019 റണ്‍സാണ് നിലവില്‍ ബാബറിന്റെ സമ്പാദ്യം. ഏകദിനത്തില്‍ 19 തവണ സെഞ്ച്വറി നേടിയ താരം 34 അര്‍ധ സെഞ്ച്വറികളും തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്.

ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് മാര്‍ക് പിന്നിടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിയെ മറികടന്നിട്ടും ബാറ്റിങ് ശരാശരിയില്‍ വിരാടിനെ മറികടക്കാന്‍ ബാബറിന് സാധിച്ചിട്ടില്ല. മോശം ഫോമില്‍ തുടരുമ്പോഴും വിരാട് ഈ പട്ടികയില്‍ തന്റെ ഒന്നാം സ്ഥാനം കൈവിട്ടിട്ടില്ല.

ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (ചുരുങ്ങിയത് 6,000 റണ്‍സ്)

(താരം – ടീം – ബാറ്റിങ് ശരാശരി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 57.93

ബാബര്‍ അസം – പാകിസ്ഥാന്‍ – 55.73

മൈക്കല്‍ ബെവന്‍ – ഓസ്‌ട്രേലിയ – 53.58

എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 53.50

എം.എസ്. ധോണി – ഇന്ത്യ – 50.57

 

അതേസമയം, ട്രൈനേഷന്‍ സീരിസ് ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 243 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ വില്‍ യങ്ങിന്റെ വിക്കറ്റാണ് കിവികള്‍ക്ക് നഷ്ടമായത്. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 15 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.

 

Content Highlight: Babar Azam currently has the second best average in ODIs after Virat Kohli