Entertainment
അത്രയും സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ മോഹൻലാൽ ചെയ്ത ചിത്രങ്ങളാണവ, ഇത് ചെയ്യില്ലെന്ന് പറയുന്ന ആളല്ല അദ്ദേഹം: ബി. ഉണ്ണികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 06, 04:57 pm
Wednesday, 6th March 2024, 10:27 pm

മലയാളത്തിലെ സൂപ്പർതാരങ്ങളെ വെച്ച് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. സ്മാർട്ട്‌ സിറ്റിയെന്ന ചിത്രത്തിലൂടെയാണ് സംവിധായാകനായി ബി. ഉണ്ണികൃഷ്ണൻ അറിയപ്പെടാൻ തുടങ്ങുന്നത്.

ശേഷം പ്രമാണി, മാടമ്പി, ഗ്രാൻഡ്മാസ്റ്റർ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സൂപ്പർ താരങ്ങളെ വെച്ച് ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനെയും വെച്ച് ഒരുപോലെ സിനിമകൾ എടുത്തിട്ടുള്ള ആളാണ് ബി.ഉണ്ണികൃഷ്ണൻ.

പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളെ കുറിച്ച് പരയുകയാണ് ബി. ഉണ്ണികൃഷ്ണൻ. നല്ല സ്റ്റാർഡത്തിൽ നിൽക്കുമ്പോൾ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മോഹൻലാൽ ചെയ്തിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാലിന്റെ ഫിലിമോഗ്രഫി ഒന്ന് എടുത്ത് നോക്കിയാൽ മതി. പാദമുദ്ര പോലൊരു സിനിമ അത്രയും സ്റ്റാർഡത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ചെയ്തത്. അതുപോലെ സദയം പോലെയുള്ള സിനിമകൾ.

 

തെരഞ്ഞെടുപ്പിന്റെ കാര്യം പറയുമ്പോൾ ഇവർ രണ്ടുപേരും രണ്ട് രീതിയിൽ കഥാപാത്രങ്ങളെ സമീപിക്കുന്ന ആളുകളാണ്. ഒരാൾ വളരെ സ്വതസിദ്ധമായ രീതിയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നു. അദ്ദേഹത്തിന്റെ അഭിനയവും ആ രീതിയിലാണ്. എന്നാൽ മറ്റൊരാൾ ഒരുപാട് പഠിച്ച് പ്ലാനിങ്ങിലൂടെ സിനിമ ചെയ്യുന്നു,’ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

കാതൽ പോലൊരു ചിത്രം വന്നാൽ മോഹൻലാൽ തെരഞ്ഞെടുക്കാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാൽ എത്രയോ ചെറുപ്പത്തിൽ എത്രയോ കാര്യങ്ങൾ ഇതുപോലെ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് മമ്മൂക്കക്ക് കൃത്യമായ ഒരു പഠനവും ശ്രദ്ധയുമുണ്ട്. മൊത്തത്തിൽ എങ്ങനെ മാറുന്നു എന്നൊക്കെ മമ്മൂക്ക ശ്രദ്ധിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അത്തരത്തിലുള്ള തിരക്കഥകൾ വരുമ്പോൾ അതിന് വേണ്ടി മുൻകൈ എടുത്ത് ചെയ്യാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. എന്നാൽ മോഹൻലാലിനെ സംബന്ധിച്ച് കൃത്യമായി പഠനം നടത്തി, നമുക്കെന്നാൽ ഇങ്ങനെ ചെയ്യാമെന്ന് പറയുന്ന ഒരാളല്ല.

പക്ഷെ അദ്ദേഹത്തിന്റെ അടുത്ത് കാതൽ പോലൊരു സിനിമ കൺവിൻസ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അയ്യോ ഞാൻ ഇത് ചെയ്യില്ല എന്ന് പറയുന്ന ആളല്ല മോഹൻലാൽ,’ ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

Content Highlight: B.unnikrishnan Talk About Mohanlal’s Old Films