Entertainment news
ജയേട്ടന്‍ വയ്യാതിരിക്കുമ്പോള്‍ എന്നോട് എന്തെങ്കിലും എഴുതാന്‍ ആ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, നിങ്ങളുടെ അച്ഛനാണെങ്കില്‍ ഇത് പറയുമോയെന്ന് ഞാന്‍ ചോദിച്ചു: ബി.കെ. ഹരിനാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 04:53 am
Wednesday, 12th March 2025, 10:23 am

അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഗാനരചയിതാവായ ബി.കെ. ഹരിനാരായണന്‍. പി. ജയചന്ദ്രന്‍ അസുഖബാധിതനായി കിടക്കുന്ന സമയത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ജയചന്ദ്രനെ കുറിച്ച് എന്തെങ്കിലും എഴുതാന്‍ വേണ്ടി തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് പറയുകയാണിപ്പോള്‍ അദ്ദേഹം.

തന്റെ സുഹൃത്ത് കൂടിയായ ആ മാധ്യമപ്രവര്‍ത്തകനോട് അന്ന് അല്‍പം കയര്‍ത്തു സംസാരിക്കേണ്ടി വന്നൂവെന്നും നിങ്ങളുടെ അച്ഛനാണ് അസുഖബാധിതനായി കിടക്കുന്നതെങ്കില്‍ നിങ്ങളിത് ആവശ്യപ്പെടുമായിരുന്നോ എന്ന് തിരിച്ചു ചോദിച്ചു എന്നും ബി.കെ. ഹരിനാരായാണന്‍ പറഞ്ഞു.

താന്‍ ആരെയും കുറ്റപ്പെടുത്തുകയല്ലെന്നും ഇത് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥയാണെന്നും ബി.കെ. ഹരിനാരായണന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തും ശരിയുണ്ടെന്നും ഹരിനാരായണന്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘പി.ജയചന്ദ്രന്റെ പെട്ടെന്നുള്ള മരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരിനാരായണന്‍ അഭിമുഖത്തില്‍ പറയുന്നു. ‘ ജയേട്ടന് വയ്യായ്കയുണ്ട്. എന്നാലും ജയേട്ടന്‍ തിരിച്ചു വരും, പാടും എന്നൊക്കെയാണ് പ്രതീക്ഷിച്ചത്. അതിനിടയില്‍ വാര്‍ത്തകളിലൊക്കെ ജയേട്ടനെ കുറിച്ചുള്ള ചില കാര്യങ്ങളുണ്ടായിരുന്നു. എന്നെ എത്രയോ ആളുകള്‍ വിളിച്ചിട്ടുണ്ട്. ആരുടെയും കുറ്റമല്ല. മാധ്യമപ്രവര്‍ക്കരുടെ ഒരു അവസ്ഥയാണ്.

വളരെ സുഹൃത്തായിട്ടുള്ളൊരു മാധ്യമ പ്രവര്‍ത്തകനോട് എനിക്ക് കയര്‍ത്ത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ‘ജയേട്ടന്‍ കുറച്ച് ഇതാണ്, നീ എന്തെങ്കിലുമൊന്ന് എഴുതണം’ എന്ന് പറഞ്ഞു. നിങ്ങളുടെ അച്ഛനാണെങ്കില്‍ നിങ്ങളിത് പറയുമോ എന്ന് ഞാന്‍ ചോദിച്ചു. നിങ്ങളിപ്പോ മാധ്യമപ്രവര്‍ത്തകനൊക്കെയാണ്, നിങ്ങളുടെ അച്ഛനാണ് ഇങ്ങനെ വയ്യാതെ കിടക്കുന്നതെങ്കില്‍ നിങ്ങളെന്തെങ്കിലും എഴുതുമോ എന്നും ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ആംഗിളില്‍ ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തും ശരിയുണ്ട്.

അങ്ങനെ പറഞ്ഞൊരു സമയത്ത്, അവിടെ നിന്നാണ് ജയേട്ടാന്‍ ഒരു പാട്ട് പാടി തിരിച്ചു വന്നത്. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരു ഇന്റര്‍വ്യൂ നടത്തി. അത്തരത്തിലൊരു തിരിച്ചു വരവ് എല്ലാ കാലത്തും ജയേട്ടനുണ്ടായിട്ടുണ്ട്,’ ബി.കെ. ഹരിനാരായണന്‍ പറഞ്ഞു.

content highlights: B.K. Harinarayan speaks  About P. Jayachandran