ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 83 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ പ്രാദേശിക ബി.ജെ.പി ഓഫീസ് തകര്‍ത്തു. എട്ട് സിറ്റിംഗ് എം. എല്‍. എമാര്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ച് തകര്‍ത്തത്.
83 സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച ബി.ജെ.പി, എട്ട് എം.എല്‍.എമാര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതാണ് പുതിയ പ്രതിഷേധത്തിന് കാരണമായത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടവരില്‍ ചിട്ടോര്‍ഗഡില്‍ നിന്നുള്ള നിയമസഭാംഗം ചന്ദ്രഭന്‍ സിങ് ആക്യയുമുണ്ട്. പാര്‍ട്ടി തനിക്ക് സീറ്റ് ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും തന്നോട് മറ്റൊന്നും കൂടിയാലോചിച്ചിട്ടില്ല എന്നും ആക്യ പറഞ്ഞു.
‘ഞാന്‍ നാളെ വരെ കാത്തിരിക്കും എന്നെ ഒഴിവാക്കാനുള്ള പാര്‍ട്ടി തീരുമാനം പുനപരിശോധിച്ചാല്‍ നല്ലത്. അല്ലെങ്കില്‍ എന്റെ അനുയായികള്‍ തീരുമാനിക്കുന്നത് പോലെ ഞാന്‍ ചെയ്യും’,ആക്യ പറഞ്ഞു.
ശനിയാഴ്ച മുതലാണ് ആക്യയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാജ്‌സമന്തില്‍ നിയമസഭാംഗമായ ദീപ്തി മഹേശ്വരിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് വിമതരുടെ അനുയായികള്‍ പ്രാദേശിക ബി.ജെ.പി ഓഫീസ് തകര്‍ക്കുകയും പ്രചാരണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കത്തിക്കുകയും ചെയ്തു. ഇത് 6 ബി.ജെ.പി പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷനു കാരണമായി.