പൂനെ: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയുടെ പൂനെയിലെ ധനക്വാഡിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്. അയ്യപ്പകര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് തൃപ്തിയുടെ വീട്ടിലേക്ക് നാമജപയാത്ര നടത്തുന്നത്. മലയാളികളാണ് പ്രതിഷേധ മാര്‍ച്ചിന്റെ സംഘാടകര്‍.
അതേസമയം ദര്‍ശനം നടത്താതെ തിരികെ പോകുമെന്ന് അറിയിച്ച തൃപ്തി ദേശായി പോയാലും മണ്ഡലകാലത്തു തന്നെ തിരികെയെത്തുമെന്നും പറഞ്ഞു. ബി.ജെ.പിയോ കോണ്‍ഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും സ്ത്രീകളുടെ പക്ഷത്താണ് താനെന്നും തൃപ്തി അറിയിച്ചു.
Read Also : കരിപ്പൂരിലെ ലീഗിന്റെ കൊടിയും നെടുമ്പാശ്ശേരിയിലെ ബി.ജെ.പിയുടെ നാമജപവും
വാഹനവും താമസ സൗകര്യവും സ്വന്തമായി ഏര്‍പ്പാടാക്കിയാല്‍ സംരക്ഷണം ഒരുക്കാമെന്നായിരുന്നു പൊലീസ് നിലപാട്. തൃപ്തി ദേശായിയെ വിമാനത്താവളത്തിനു പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം തൃപ്തി മടങ്ങിയശേഷമേ വിമാനത്താവളത്തില്‍ നിന്നും പിരിഞ്ഞുപോകുവെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ഇന്ന് രാത്രി 9.30 ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ നിന്നും തൃപ്തി മടങ്ങുന്നത്.
ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 13 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.
ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും നേരത്തെ എടുത്തിരുന്നത്.