അയോധ്യയും പയ്യോളിയും
DISCOURSE
അയോധ്യയും പയ്യോളിയും
ഫാറൂഖ്
Tuesday, 18th June 2024, 5:47 pm
അയോധ്യക്കരോട്, അല്ലെങ്കില്‍ ഇന്ത്യയിലെ മധ്യവര്‍ഗക്കാരോട് മുഴുവന്‍ ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് പറയാനുള്ളത് ഇത്രയേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കായിരിക്കണം വില. തങ്ങളുടെ തലയില്‍ കയറിയിരുന്ന് ഭരിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വീടിനു മുകളിലൂടെ ബുള്‍ഡോസര്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ കയ്യടിക്കരുത്.

ഇലക്ഷന് ശേഷം – മൂന്നാം ഭാഗം

‘അയോധ്യയില്‍ പോകുന്നവരെല്ലാം ഒരു കാര്യം ശ്രദ്ധിക്കണം, പത്തു രൂപയുടെ ചായ പോലും അവിടുന്നു വാങ്ങരുത്, അവിടുത്തെ നാട്ടുകാര്‍ നമ്മളെ ചതിച്ചവരാണ്’. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച മെസ്സേജ് ആണിത്. ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിലെ പരാജയം വളരെ വ്യക്തിപരമായാണ് എടുത്തത്. ഒരു മഹാരാജ്യത്ത് നടന്ന ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും അപ്രതീക്ഷിതമായ വിജയ പരാജയങ്ങളുണ്ടാകും, അതൊന്നും വ്യക്തിപരമായി എടുക്കേണ്ട ഒന്നല്ല. പക്ഷെ ഇവിടെ ചില കാരണങ്ങളുണ്ട്.

കഴിഞ്ഞ പത്തു കൊല്ലത്തെ ഭരണത്തില്‍ സാധാരണ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓര്‍ക്കുകയോ ഓര്‍മിപ്പിക്കുകയോ ചെയ്യുന്ന ഒരേ ഒരു കാര്യമാണ് രാമക്ഷേത്രം. നോട്ടു നിരോധനം, ജി എസ് ടി, അഗ്‌നിവീര്‍ തുടങ്ങി മറ്റെല്ലാ കാര്യങ്ങളും ആരും ഓര്‍ക്കാതിരിക്കണേ എന്നാണ് ബിജെപി ക്കാരുടെ പ്രാര്‍ത്ഥന, അവരാരോടും അതിനെ പറ്റിയൊന്നും സംസാരിക്കാറില്ല. ആകെ സംസാരിക്കുന്നതാണ് രാമക്ഷേത്രവും അതിനോടനുബന്ധിച്ചു അയോധ്യയില്‍ വന്ന വികസനവും. ഒരേ ഒരു പ്രചാരണായുധം കൈവിട്ടു പോകുന്നതിന്റെ നിരാശയാണ് മുകളില്‍ പറഞ്ഞ രീതിയിലുള്ള പ്രതികരണങ്ങള്‍.

ഇത്തരം പോസ്റ്റുകള്‍ക്ക് പ്രതികരണമായി, ഒരു അയോധ്യക്കാരിയുടെ പോസ്റ്റ് വന്നു, അത് ഏകദേശം ഇങ്ങനെയാണ്.

‘ഞാന്‍ 18 വയസ്സുള്ള ഇടത്തരം കുടുംബത്തിലെ ഹിന്ദുവാണ്, അയോധ്യ നിവാസി. അയോധ്യ ഇന്ത്യയുടെ വികസനത്തിന്റെ ഗുരുത്വ കേന്ദ്രം ആയിട്ടും അവിടെ ബി.ജെ.പി തോറ്റത് വലിയ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ കൊല്ലമായി അയോധ്യ നിവാസികള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് ആ അത്ഭുതം ഉണ്ടാകില്ല’

‘എന്റെ വീട് റാംപദ് എന്ന് വിളിക്കപ്പെടുന്ന പ്രധാന ഹൈവേയുടെ അരികിലായിരുന്നു. ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട 5000 ത്തോളം വീടുകളും കടകളും അവര്‍ ബുള്‍ഡോസര്‍ വെച്ച് പൊളിച്ചു മാറ്റി, കാര്യമായ നഷ്ടപരിഹാരമൊന്നും നല്‍കാതെ. ഞങ്ങളുടെ രണ്ടു നില വീടും അതിനോട് ചേര്‍ന്ന കടയും പൊളിച്ചു മാറ്റിയിട്ട് ഞങ്ങള്‍ക്ക് ആകെ കിട്ടിയത് 5 ലക്ഷം രൂപയാണ്. ആ പണം കൊണ്ട് പുതിയ വീട് വാങ്ങാനോ, ഞങ്ങളുടെ ആകെ ജീവിത മാര്‍ഗമായ കട തിരിച്ചു നിര്‍മിക്കാനോ കഴിഞ്ഞില്ല. ഞങ്ങളിപ്പോള്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ്, എന്ത് ചെയ്യണമെന്നറിയില്ല.’

‘മറ്റുള്ളവര്‍ക്ക് ഞങ്ങളുടെ അത്ര പോലും ഭാഗ്യമുണ്ടായില്ല, ചില ഡോക്യുമെന്റുകള്‍ ഇല്ലെന്ന പേര് പറഞ്ഞു തുച്ഛമായ നഷ്ടപരിഹാരം കൊടുക്കാന്‍ പോലും അധികാരികള്‍ തയ്യാറായില്ല. ചെറിയ ഷോപ്പുകളും ചായക്കടകളുമൊക്കെ രായ്ക്കുരാമാനം പൊളിച്ചു നീക്കപ്പെടുകയിരുന്നു’

ഈ പോസ്റ്റ് അങ്ങനെ തുടരുന്നു, ഒരുപാടു കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്, പക്ഷെ ഇത്രയുമാണ് അതിന്റെ കാതല്‍.

ഇതിവിടെ ക്വാട്ട് ചെയ്യാന്‍ ഒരു കാരണമുണ്ട്. കേരളത്തില്‍ ഈയിടെ കാര്യമായ ഹൈവേ വികസനം നടക്കുന്നുണ്ട്, ഇത്തരം പരാതികള്‍ നിങ്ങള്‍ കേള്‍ക്കാറുണ്ടോ. വ്യാപകമായി ഏതായാലും ഉണ്ടാകില്ല, അവിടെയിവിടെ ഒന്നോ രണ്ടോ പരാതികള്‍ കേട്ടാലായി, പൊതുവെ ആര്‍ക്കും പരാതികളില്ല. തെരഞ്ഞെടുപ്പിനെ അത് ഒരു വിധത്തിലും സ്വാധീനിക്കുന്നില്ല. എന്തായിരിക്കും കാരണം ?

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴി ഏതാണ്ട് നടുവിലാണ് എന്റെ നാടായ പയ്യോളി. പണ്ട് ആ റൂട്ടില്‍ പോകുന്നവരെ സംബന്ധിച്ച പ്രധാന ടൗണുകളില്‍ ഒന്നായിരുന്നു അത്. പുതിയ ഹൈവേക്ക് വേണ്ടി ആ ടൗണ്‍ മൊത്തം ഇപ്പോള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. നൂറു കണക്കിന് കടകളും അതിലേറെ വീടുകളും ഒന്ന് രണ്ട് പള്ളികളും അതില്‍ പെടും. പയ്യോളി മാത്രമല്ല ഇങ്ങനെ പൊളിച്ചടുക്കിയത്, തിക്കോടി, നന്ദി, വടകരയുടെ പ്രധാന ഭാഗങ്ങളൊക്കെ ഇങ്ങനെ പൊളിച്ചതില്‍ പെടും. കൊയിലാണ്ടി ടൗണ്‍ ഒഴിവാക്കി നന്ദി മുതല്‍ ചെങ്ങോട്ട് കാവ് വരെയുള്ള ബൈപാസ്സ് ഏതാണ്ട് മുഴുവനും പുതിയ റോഡാണ്, നൂറുകണക്കിന് വീടുകളാണ് ഇവിടെയൊക്കെ പൊളിച്ചു മാറ്റിയത്. എന്നിട്ടും ആര്‍ക്കും ഒരു പരാതിയുമില്ല, ഇലക്ഷനില്‍ അതൊരു ചര്‍ച്ചയുമല്ല. എന്തായിരിക്കും കാരണം, എന്താണ് അയോധ്യയും പയ്യോളിയും തമ്മിലുള്ള വ്യത്യാസം?

ഉത്തരം പറയുന്നതിന് മുമ്പ് ചെറിയൊരു ഫ്ളാഷ്ബാക്ക്.

2011 ലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ ഒരു ഭൂമിയേറ്റെടുക്കല്‍ ബില്ല് കൊണ്ട് വരുന്നത്. പ്രൈവറ്റ് പ്രൊജക്ടുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ സ്ഥലമുടമകളില്‍ 80% ന്റെ സമ്മതം വേണം, ഹൈവേ പോലുള്ള പബ്ലിക്-പ്രൈവറ്റ് പര്‍ത്‌നെര്ഷിപ് പ്രൊജക്ടുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 70% ഭൂ ഉടമകളുടെ സമ്മതം വേണം, സ്ഥലമുടമകള്‍ക്ക് നടപ്പു വിലയുടെ നാലിരട്ടി നഷ്ട പരിഹാരം കൊടുക്കണം, സ്ഥലമുടമയല്ലാത്ത, എന്നാല്‍ പ്രൊജക്റ്റ് കൊണ്ട് നഷ്ടങ്ങള്‍ വരുന്നവര്‍ക്കും നഷ്ട പരിഹാരം കൊടുക്കണം എന്നതൊക്കെയാണ് പ്രധാന വകുപ്പുകള്‍. ഈ ബില് വരുന്നതിന് മുമ്പ് സ്ഥലം ഏറ്റെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന നക്കാപ്പിച്ചയും വാങ്ങി ഇറങ്ങിക്കോളണം എന്നതായിരുന്നു അലിഖിത നിയമം. ഇങ്ങനെ വിവിധ പ്രൊജെക്ടുകള്‍ മൂലം കുടിയൊഴിക്കപ്പെട്ടവര്‍ വന്നു നിറഞ്ഞതാണ് നഗരങ്ങളിലെ ചേരികള്‍. ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ?

മന്‍മോഹന്‍ സിങ് കമ്മ്യൂണിസ്റ്റായതു കൊണ്ടല്ല ഈ നിയമം വന്നത്, ക്യാപിറ്റലിസ്റ്റ് ആയത് കൊണ്ടാണ്. ക്യാപിറ്റലിസത്തില്‍ സ്വകാര്യസ്വത്തവകാശം പവിത്രമാണ്, ഒരാളുടെ സ്വത്ത് വേറൊരാള്‍ക്ക് വേണമെങ്കില്‍, അത് സര്‍ക്കാരായാല്‍ പോലും ആദ്യത്തെയാള്‍ പറയുന്ന വില കൊടുക്കണം. മന്‍മോഹന്‍ സിങ് ക്യാപിറ്റലിസ്റ്റ് ആയത് മാത്രമല്ല കാരണം, സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ യൂ പി എ സമയത്ത് രൂപീകരിച്ച നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ ഉപദേശവും അതിന് പിറകിലുണ്ടായിരുന്നു. മന്‍മോഹന്‍ സിങ് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഒട്ടനവധി അവകാശ സംരക്ഷണ ബില്ലുകളും അദ്ദേഹത്തിന്റെ സംഭാവനായാട്ടുണ്ട്, അതില്‍ പ്രധാനമാണ് ഭൂമിയേറ്റെടുക്കല്‍ ബില്. തൊഴിലുറപ്പ്, ഭക്ഷ്യ സുരക്ഷ, തുടങ്ങിയവയാണ് മറ്റുള്ളവ.

ഭൂമിയേറ്റെടുക്കല്‍ ബില്ല പ്രകാരം പൊന്നും വില കൊടുത്താലല്ലാതെ ഭൂമി കിട്ടില്ല, മാത്രമല്ല 70% ആളുകളുടെ സമ്മതം എന്നത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിലപേശാനുള്ള അവസരവും നല്‍കി.

ആ ബില്ല് പാസ്സായി രണ്ടു വര്ഷമാവുമ്പോഴേക്ക് നരേന്ദ്ര മോദി അധികാരത്തില്‍ വന്നു. ഇന്ത്യയാകെ ഗുജറാത്ത് മോഡല്‍ നടപ്പാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. ഗുജറാത്ത് മോഡല്‍ എന്നാല്‍ ഇത്രയേയുള്ളൂ – വ്യവസായികള്‍ക്ക് ഏതെങ്കിലും സ്ഥലം വേണം എന്ന് തോന്നിയാല്‍ അന്നത്തെ മുഖ്യമന്ത്രിയായ മോദിയോട് പറയും. ടാറ്റയോക്കെ എസ്.എം.എസ് അയക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് മോദി തന്നെ പിന്നീട് പറഞ്ഞത്.

അമിത്ഷാ പോലീസിനെയും ഗുണ്ടകളെയും വിട്ട് ആ പ്രദേശത്തുള്ളവരെ വിരട്ടും. പിറ്റേന്ന് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ പോയി നഷ്ടപരിഹാരം എന്ന പേരില്‍ പത്തോ നൂറോ കൊടുത്ത് പാവങ്ങളായ ഈ ഗ്രാമീണരെ അഹമ്മദാബാദിലെ ചേരികളിലേക്ക് ഓടിക്കും. മുതലാളി ഈ സ്ഥലത്തു ഫാക്ടറി കെട്ടിപ്പൊക്കും. കുടിയൊഴിഞ്ഞു പോയ പാവങ്ങള്‍ തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലത്തു കെട്ടിപ്പൊക്കിയ ഫാക്ടറിയില്‍ ഇരുന്നൂറു രൂപ ദിവസക്കൂലിക്ക് പണിയെടുത്തു ഗുജറാത്തി മുതലാളിമാരെ സേവിക്കും. അതാണ് ഗുജറാത്ത് മോഡല്‍.

ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു മോഡി. അതിന് മറ്റൊരു കാരണം കൂടിയുണ്ട്, നിങ്ങള്‍ ഊഹിച്ചത് തന്നെ – അദാനി. അദാനിയുടെ ബിസിനസ് തന്നെ ഭൂമിയേറ്റെടുക്കലാണ്. രാഹുല്‍ ഗാന്ധി സ്ഥിരമായി ചോദിക്കുന്നത് പോലെ അദാനി എന്തുണ്ടാക്കിയിട്ടാണ് അതിസമ്പന്നയത് എന്നാര്‍ക്കെങ്കിലും അറിയാമോ. ഒരു തേങ്ങയും ഉണ്ടാക്കിയിട്ടില്ല.

മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓരോ സ്ഥലങ്ങള്‍ ഏറ്റെടുത്തു അദാനിക്ക് നല്‍കും. അദാനി പോര്‍ട്ട്, അദാനി ഫ്‌ലാറ്റ്, അദാനി എയര്‍പോര്‍ട്ട്, അദാനി ഹോസ്പിറ്റല്‍, അദാനി ഖനികള്‍, അദാനി റോഡുകള്‍ – എന്നിങ്ങനെ ഗുജറാത്തില്‍ എവിടെ നോക്കിയാലും അദാനിയാണ്. ഇതൊക്കെ മോഡി ഏറ്റെടുത്ത് കൊടുത്ത സ്ഥലത്താണ്. ഇതിന്റെ മോഡസ് ഓപറേണ്ടി ഇങ്ങനെയാണ്. അദാനി ഒരു സ്ഥലത്തു കണ്ണ് വക്കും. മോഡി ആ സ്ഥലം ഏറ്റെടുത്തു അദാനിക്ക് കൊടുക്കും . ആ സ്ഥലം കാണിച്ചു അദാനി സ്റ്റോക്ക് എസ്ചേഞ്ചില്‍ നിന്നോ പൊതു മേഖല ബാങ്കില്‍ നിന്നോ പണം പിരിക്കും. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേറൊരു സ്ഥലം ചൂണ്ടിക്കാണിക്കും, മോഡി അതേറ്റെടുക്കും, അതങ്ങനെ തുടരും. മന്‍മോഹന്‍ സിങ്ങിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ല് ഈ പരിപാടിക്ക് മുട്ടന്‍ അള്ള് ആണ് വച്ചു കൊടുത്തത്.

2014ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് മന്‍മോഹന്‍ സിംഗിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിന് തിരിച്ചു അള്ളു വെക്കുകയായിരുന്നു. 2014 ഡിസംബറില്‍ ഓര്‍ഡിനന്‍സായി ഭൂമിയേറ്റെടുക്കല്‍ ബില്ലിന് കുറെ ഭേദഗതികള്‍ കൊണ്ട് വന്നു. ബില്ല് അവിടെത്തന്നെയുണ്ടാകും പക്ഷെ പ്രധാന വകുപ്പൊന്നുമുണ്ടാകില്ല. ഇന്ത്യ പഴയ സിസ്റ്റത്തിലേക്ക് തിരിച്ചു പോകും, നക്കാപ്പിച്ച കൊടുത്ത് ഗ്രാമീണരെ ചേരികളിലേക്ക് തള്ളുന്ന ആചാരം വീണ്ടും തുടങ്ങും. ഈ ഓര്‍ഡിനന്‍സ് വന്ന ഉടനെ, അത് വരെ പപ്പു എന്ന് വിളിച്ചു പരിഹസിക്കപ്പെട്ട രാഹുല്‍ ഗാന്ധി ചാടി വീണു. സൂട്ട് ബൂട്ട് ക സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി കുറെ പ്രസംഗങ്ങളും പ്രകടനങ്ങളും നടത്തി. ഗ്രാമീണര്‍ ഇളകി. ഗത്യന്തരമില്ലാതെ മോദി ഓര്‍ഡിനന്‍സ് പിന്‍വലിച്ചു.

അങ്ങനെയങ്ങ് എളുപ്പത്തില്‍ പരാജയം സമ്മതിക്കുന്നവരാണോ അദാനിയുടെ ടീമ്‌സ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബുള്‍ഡോസര്‍ പരിപാടി തുടങ്ങി. മറ്റേ മുസ്ലിം വീടുകള്‍ പൊളിക്കുന്ന പരിപാടിയല്ല, ഇത് ഭൂമിയേറ്റെടുക്കല്‍ പരിപാടി. ഏറ്റെടുക്കേണ്ട ഭൂമിയില്‍ ആദ്യം ബുള്‍ഡോസര്‍ വരും. പിന്നെ ഗുണ്ടകള്‍, പോലീസ്. അതിനു പിറകില്‍ ഉദ്യോഗസ്ഥര്‍ സമ്മത പത്രവുമായി വരും, ഭീഷണിപ്പെടുത്തി സമ്മത പത്രം ഒപ്പിടുവിക്കും.

നിയമത്തിന് നിയമം, ഭൂമിക്ക് ഭൂമി. ഇന്ത്യയിലെ മധ്യവര്‍ഗക്കാര്‍ ഇത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 56 ഇഞ്ചുള്ള മോദി, ഇരുമ്പിന്റെ നട്ടെല്ലുള്ള യോഗി, വികസനത്തോട് വികസനം, ജിഡിപി വളര്‍ച്ച, സെന്‍സെക്‌സ് കുതിപ്പ് – ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്ത് രസം. ഇങ്ങനെ കയ്യടിച്ചവരില്‍ അയോധ്യയിലെ മധ്യവര്‍ഗക്കാരും പെടും, സ്വന്തം വീട്ടു പറമ്പില്‍ ബുള്‍ഡോസര്‍ വരുന്നതിന്റെ തലേന്ന് വരെ കയ്യടിച്ചവര്‍ പിറ്റേന്ന് രാവിലെ മുതല്‍ കൂട്ട കരച്ചിലായി.

ഈ സമയത്ത് ഞങ്ങള്‍ പയ്യോളിക്കാരെന്ത് ചെയ്തു, അല്ലെങ്കില്‍ പയ്യോളി പോലെയുള്ള നിരവധി ടൗണുകളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന മലയാളികള്‍ എന്ത് ചെയ്തു. ഒന്നാമതായി ബുള്‍ഡോസറും കൊണ്ട് വരുന്ന 56 ഇഞ്ച് രാഷ്ട്രീയക്കാരെ മലയാളികള്‍ തെരഞ്ഞെടുത്തില്ല. നാട്ടുകാരുടെ സമ്മതമില്ലാതെ ബുള്‍ഡോസറും കൊണ്ട് വന്നാല്‍ വിവരമറിയും എന്ന് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാം. അത് കൊണ്ട് അവര്‍ ഭൂമിയിലേക്കിറങ്ങി നാട്ടുകാരുമായി ചര്‍ച്ച നടത്തി. നാട്ടുകാര്‍ ആവശ്യങ്ങള്‍ പറഞ്ഞു. സമരം നടത്തി. കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞു. തങ്ങളാവശ്യപ്പെട്ട പണം തരാതെ ഒഴിയാന്‍ മനസ്സില്ല എന്ന് തീര്‍ത്തു പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ നിയമം കാണിച്ചു കോടതികളില്‍ പോയി.

കേരളത്തില്‍ സ്ഥലത്തിന് ഒടുക്കത്തെ വിലയാണെന്നും ഇത്രയും വില കൊടുത്ത് ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിധിന്‍ ഗഡ്കരി പറഞ്ഞു, തങ്ങള്‍ക്ക് പോയി താമസിക്കാന്‍ ഗുജത്തിലെ പോലെ കാര്‍ട്ടനിട്ടു മറച്ച ചേരികള്‍ കേരളത്തില്‍ ഇല്ലെന്നും പണം തരാനില്ലെങ്കില്‍ പോയി പണി നോക്ക് മാഷെ എന്ന് പയ്യോളിക്കാര്‍ തിരിച്ച് ഗഡ്കരിയോടും പറഞ്ഞു. നിങ്ങള്‍ വികസന വിരുദ്ധനാണെന്ന് ഗഡ്കരി, അത് ഞങ്ങളങ്ങ് സഹിച്ചു എന്ന് നാട്ടുകാര്‍. അവസാനം പിണറായി ഇടപെട്ടു, നിങ്ങള്‍ക്ക് പറ്റുന്ന പണം നിങ്ങള്‍ തരൂ, ബാക്കി ഞങ്ങള്‍ തരാം എന്ന് ഗഡ്കരിയോട് പിണറായി പറഞ്ഞു. അങ്ങനെ ചോദിച്ച പണവും വാങ്ങി പയ്യോളിക്കാര്‍ സ്ഥലം ഒഴിഞ്ഞു കൊടുത്തു. ഇപ്പോള്‍ റോഡ് പണി നടക്കുന്നു.

അയോധ്യക്കരോട്, അല്ലെങ്കില്‍ ഇന്ത്യയിലെ മധ്യവര്‍ഗക്കാരോട് മുഴുവന്‍ ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് പറയാനുള്ളത് ഇത്രയേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കായിരിക്കണം വില. തങ്ങളുടെ തലയില്‍ കയറിയിരുന്ന് ഭരിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വീടിനു മുകളിലൂടെ ബുള്‍ഡോസര്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ കയ്യടിക്കരുത്. മറ്റേ ക്‌ളീഷേ ഉദ്ധരണിയില്ലേ, അവര്‍ ആദ്യം അവരെ തേടി ചെന്നു പിന്നെ മറ്റവരെ തേടി എന്നൊക്കെയുള്ളത്. ഉദ്ധരണി ഉദ്ധരിച്ചു ഉദ്ധരിച്ചു ക്ലിഷേ ആയെങ്കിലും സംഗതി സത്യമാണ്, അവര്‍ എല്ലാവരെയും തേടി വരും.

അല്ലെങ്കില്‍ തന്നെ 56 ഇഞ്ച്, ഇരുമ്പിന്റെ നട്ടെല്ല് എന്നൊക്കെ പറയുന്നത് ഇക്കാലത്തു ബോഡി ഷെമിങ് ക്യാറ്റഗറിയില്‍ പെടും. നട്ടെല്ലൊടിഞ്ഞു വീല്‍ചെയറില്‍ ഇരുന്നാണ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് രണ്ടാം ലോക മഹായുദ്ധം ജയിച്ചത്. 34 ഇഞ്ച് നെഞ്ചളവുള്ള മഹാത്മാ ഗാന്ധിയാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ തോല്പിച്ചത്. അതൊന്നും ഓര്‍ക്കാതെ 2014 ലും 2019 ലും നെഞ്ചളവിന് വോട്ട് ചെയ്തവരാണ് തങ്ങളുടെ നെഞ്ചത്ത് കൂടെ ബുള്‍ഡോസര്‍ കയറിയിറങ്ങിയതിനെ കുറിച്ച് ഇപ്പോള്‍ നെഞ്ചത്തടിച്ചു കരയുന്നത്.

ഇലക്ഷന് ശേഷം- ഒന്നാം ഭാഗം ഇവിടെ വായിക്കാം

ഇലക്ഷന് ശേഷം രണ്ടാം ഭാഗം ഇവിടെ വായിക്കാം

CONTENT HIGHLIGHTS: Ayodhya and Payoli- After Elections- Part III-K. Farooq writes in DoolNews

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ