'മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ.ഡി'; സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത്
Kerala News
'മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ.ഡി'; സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th November 2020, 8:43 am

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വപ്‌ന സുരേഷ് പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ ക്യൂ’വാണ് ശബ്ദ രേഖ പുറത്ത് വിട്ടത്.

മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴിനല്‍കാനാണ് ഇ. ഡി നിര്‍ബന്ധിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും, രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ജയിലില്‍ വരുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

‘അവര്‍ ഒരു കാരണവശാലും ആറാം തിയ്യതി വരെയുള്ള സ്‌റ്റേറ്റ്‌മെന്റ് എനിക്ക് വായിക്കാന്‍ തന്നില്ല. പെട്ടെന്ന് മറിച്ച് നോക്കാന്‍ പറഞ്ഞിട്ട് ഒപ്പിടാന്‍ പറഞ്ഞു. ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്ക് വേണ്ടി ഫൈനാന്‍ഷ്യല്‍ നെഗോഷിയേഷന്‍സ് ചെയ്തിട്ടുണ്ടെന്നാണ്. മാപ്പ് സാക്ഷിയാക്കാന്‍ എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്.

ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാ എന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിലപ്പോള്‍ വീണ്ടും ജയിലില്‍ വരും എന്നു പറഞ്ഞ് ഒരുപാട് ഫോഴ്‌സ് ചെയ്തു,’ സ്വപ്‌നയുടേതായി പുറത്ത് വന്ന ശബ്ദരേഖയില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന വാദം ശെരിവെക്കുന്ന തരത്തിലുള്ള സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Audio message in the name of Swapna Suresh, said E.D forced to give statement against CM Pinarayi Vijayan