കൊച്ചി: കേരളത്തില്‍ വീണ്ടും വ്യാപകമായ സാമ്പത്തിക തട്ടിപ്പിന് ശ്രമങ്ങള്‍ നടക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ നടക്കുന്നത്.
സബ്ബ് കളക്ടര്‍ മുതല്‍ സാധാരണക്കാരന്റെ പേരിലടക്കം സമാനമായ രീതിയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയും കാശ് ചോദിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യും.
പിന്നീട് സമാനമായ രീതിയില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കി യഥാര്‍ഥ അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കളുമായി തട്ടിപ്പുസംഘം ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കാശ് കടം വാങ്ങിക്കുകയുമാണ് ചെയ്യുന്നത്.
5000 മുതല്‍ 25000 വരെയുള്ള തുകയാണ് തട്ടിപ്പ് സംഘം ചോദിക്കുന്നത്. പലരും ഈ തട്ടിപ്പില്‍ വീഴുകയും കാശ് നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികുളം സബ്കലക്ടറുടെ പേരിലും പണം ആവശ്യപ്പെട്ട് വ്യാജസന്ദേശം വന്നിരുന്നു.
സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായ ബാദുഷയുടെ പേരിലും ഇന്ന് തട്ടിപ്പിന് ശ്രമം നടന്നിരുന്നു. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് പലരോടും പണം ആവശ്യപ്പെടുന്നതായി അറിഞ്ഞു. ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്ന് ബാദുഷ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഉത്തേരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. സന്ദേശമയക്കുന്നവരോട് മലയാളത്തില്‍ മറുപടി നല്‍കിയാല്‍ തിരിച്ച് മറുപടിയുണ്ടാകാറില്ല.
നേരത്തെയും സമാനമായ രീതിയില്‍ വ്യാപക തട്ടിപ്പിന് ശ്രമങ്ങള്‍ നടന്നിരുന്നു. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.