ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്ത സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് അനുകൂല വിധി. ജീവന്‍ ജോസഫിനെ മത്സരത്തിന് അയക്കണമെന്ന് കോഴിക്കോട് ജില്ലാ കോടതി ഉത്തരവിട്ടു.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയിട്ടും അന്തര്‍ സര്‍വകലാശാല മീറ്റില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാല തഴഞ്ഞ കൊടകര സഹൃദയ കോളജിലെ വിദ്യാര്‍ത്ഥി ജീവന്‍ ജോസഫിനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്.
അണ്ടര്‍ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവന്‍ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തില്‍ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തില്‍ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഇത് അംഗീകരിച്ച ജീവന്‍ 75 കിലോ വിഭാഗത്തില്‍ മത്സരിക്കാമെന്ന് കോടതിയെ അറിയിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മീറ്റില്‍ പങ്കെടുക്കുന്നതിനായി നാളെ തന്നെ പുറപ്പെടുമെന്ന് ജീവന്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ച തന്നെ തഴഞ്ഞാണ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തതെന്ന ആരോപണവുമായി ജീവന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കൊടകര സഹൃദയ കോളജിലെ വിദ്യാര്‍ത്ഥിയും കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയുമായ ജീവനാണ് സ്വര്‍ണ മെഡല്‍ അണ്ടര്‍ 67 കിലോ വിഭാഗത്തില്‍ നേടിയത്. എന്നാല്‍ മൂന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയെയാണ് ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത്. മറ്റൊരു വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ജീവന്റെ സഹോദരി ജില്‍ന ജോസഫിനും ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടിയില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
തൃശൂര്‍ കൊടകര സഹൃദയ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും ഇരട്ട സഹോദരങ്ങളുമാണ് ജീവന്‍ ജോസഫും ജില്‍ന ജോസഫും. ഈ മാസം എട്ട്, ഒമ്പത് തീയതികളിലായി നടന്ന കാലിക്കറ്റ് സര്‍വകലാശാല ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 67 കിലോ വിഭാഗത്തില്‍ ജീവനും 57 കിലോ വിഭാഗത്തില്‍ ജില്‍നയുമാണ് ഒന്നാം സ്ഥാനം നേടിയത്.
എന്നാല്‍ ദേശീയ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ജീവനെ തഴഞ്ഞ് മറ്റൊരു താരത്തിന് അവസരം നല്‍കാനായി സര്‍വകലാശാല പ്രത്യേക സെലക്ഷന്‍ ട്രയല്‍സ് നടത്തി. ഡിസംബര്‍ 10 മുതല്‍ 23 വരെയായിരുന്നു തെരഞ്ഞെടുപ്പ് ക്യാമ്പ് . ക്യാമ്പിലെ പട്ടിക പുറത്തുവന്നപ്പോഴാണ് ജീവന്‍ പുറത്തായ വിവരം അറിയുന്നതെന്നും താരങ്ങള്‍ ആരോപിച്ചു.
ട്രയല്‍സില്‍ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന് പറഞ്ഞാണ് സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ജീവന് പിന്നില്‍ മൂന്നാം സ്ഥാനം മാത്രം നേടിയ താരത്തിന് അവസരം നല്‍കിയതെന്നും ഇരുവരുടെയും കുടുംബം ആരോപിക്കുന്നു.
തൃശൂര്‍ ബോക്‌സിങ് ക്ലബ്ബിന് കീഴില്‍ പരിശീലനം നടത്തുന്ന താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് പിതാവ് കെ.സി. ജോസഫ് പറഞ്ഞു. ഇതില്‍ പരാതിയുമായെത്തിയ തങ്ങളെ സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അപമാനിച്ചുവെന്നും മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല്ക്കെതിരെ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണെന്ന് സര്‍വകലാശാലാ കായികവിഭാഗം മേധാവി സക്കീര്‍ ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്തര്‍ കലാലയ മത്സരത്തില്‍ സ്വര്‍ണം നേടുന്നവരെയെല്ലാം അഖിലേന്ത്യാമത്സരത്തിന് കൊണ്ടുപോകാറില്ല. തുടര്‍ന്നുള്ള സെലക്ഷന്‍ ക്യാമ്പ്, ട്രയല്‍സ് എന്നിവയിലെ പ്രകടനംകൂടി കണക്കിലെടുത്താണ് സര്‍വകലാശാല ടീമിനെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ നടപടിക്രമങ്ങളിലൂടെയാണ് സര്‍വകലാശാലയുടെ തിരഞ്ഞെടുപ്പ്. വ്യാജ പ്രചാരണങ്ങളില്‍നിന്ന് പിന്തിരിയാത്തപക്ഷം നിയമനടപടികളിലേക്കു നീങ്ങുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.