റഫാല്‍ ഇടപാടിനു മേല്‍നോട്ടം വഹിക്കുന്ന വ്യോമസേനാ ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം; സംഭവം നടന്നത് പാരീസിലെ ഓഫീസില്‍
ന്യൂദല്‍ഹി: റഫാല്‍ ഇടപാടുകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പാരീസിലെ ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അജ്ഞാതര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാരപ്രവൃത്തിയാണോ ഇതെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
വ്യോമസേനയുടെ പ്രൊജ്ക്ട് മാനേജ്‌മെന്റ് ടീം പ്രവര്‍ത്തിക്കുന്ന ഓഫീസാണിത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഒരുദ്യോഗസ്ഥനാണ് ടീമിനെ നയിക്കുന്നത്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയവും വ്യോമസേനയും ഫ്രഞ്ച് എംബസിയും പ്രതികരിച്ചിട്ടില്ല. അതേസമയം വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിനു വിശദീകരണം നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെയാണ് ഈ സംഭവം. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷണം പോയെന്ന കേന്ദ്രസര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ നേരത്തേ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ വ്യോമസേനയിലെ ഓഫീസില്‍ നടന്ന അതിക്രമശ്രമവും ഏറെ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷണം പോയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. അതേസമയം ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെ താന്‍ രേഖകള്‍ മോഷണം പോയെന്നു പറഞ്ഞിട്ടില്ലെന്നു വിശദീകരണവുമായി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ ഉപയോഗിച്ചെന്നു മാത്രമാണു താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ദ ഹിന്ദു പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.