ന്യൂദല്‍ഹി: മദ്രസയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സി.പി.ഐ.എം സംഘത്തിനെതിരെ ആക്രോശവുമായി ബി.ജെ.പി. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.
ദല്‍ഹി ഗാസിപൂരിലുള്ള വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി പ്രതിനിധി സംഘം സംസാരിച്ചുകൊണ്ടിരിക്കെ ബി.ജെ.പിക്കാര്‍ കൊടികളുമായി വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.
വര്‍ഗീയ മുദ്രാവാക്യങ്ങളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അക്രമിസംഘമെത്തിയത്. മതത്തിന്റെ പേരിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ മതം കൂട്ടിയിണക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും തങ്ങള്‍ക്കൊപ്പം വേണമെന്നും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്നും കുറ്റവാളിക്ക് ശിക്ഷ നല്‍കാനുള്ള ശ്രമത്തിന് എല്ലാവരും ഒപ്പം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുട്ടിക്കുണ്ടായ ദുരനുഭവത്തെ മതവര്‍ഗീയ മുതലെടുപ്പിന് ഉപയോഗിച്ച് നീതിതേടിയുള്ള പോരാട്ടങ്ങളെ അട്ടിമറിക്കരുതെന്ന് ബൃന്ദകാരാട്ടും ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗാസിയാബാദിലെ മദ്രസയില്‍ നിന്നും 10 വയസുകാരിയെ ബലാത്സംഗത്തിന് ഇരയായ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 17കാരനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പുറമേ മദ്രസയിലെ മൗലവിയേയും കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.