റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ മരിച്ചത് 274 കെനിയന്‍ തൊഴിലാളികള്‍. അപകടകരമല്ലാത്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന യുവ തൊഴിലാളികളാണ് കൂടുതലായും മരണപ്പെട്ടത്.
ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൗദിയില്‍ മരണപ്പെട്ട 90 തൊഴിലാളികളുടെ കുടുംബവുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് റിപ്പോര്‍ട്ട്.
സൗദിയില്‍ മരണപ്പെട്ട കെനിയന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഉഗാണ്ട, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ജോലിക്കായെത്തുന്നത്.
മിക്കവാറും ഇവര്‍ വീട്ടുജോലികളിലാണ് ഏര്‍പ്പെടുക. നിരവധി ആഫ്രിക്കന്‍ സ്ത്രീകള്‍ ആയമാരായും ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജോലി തേടിപ്പോകുന്ന ആഫ്രിക്കന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേരും സ്വന്തം രാഷ്ട്രങ്ങളിലേക്ക് തിരികെ വരാറില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരികെയെത്തിയവര്‍ക്ക് പട്ടിണി, ലൈംഗികാതിക്രമം, മര്‍ദനം, വേതനമില്ലായ്മ, തടങ്കല്‍ തുടങ്ങിയ അനുഭവങ്ങളാണ് പറയാനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ മരണപ്പെട്ട ഭൂരിഭാഗം സ്ത്രീകളും പൊള്ളലും വൈദ്യുതാഘാതവുമേറ്റാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022ല്‍ സൗദിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച കെനിയന്‍ സ്വദേശിയായ യൂനിസ് ആച്ചിയങ്, തന്റെ യജമാനന്‍ തന്നെ കൊന്ന് വാട്ടര്‍ ടാങ്കില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പിന്നീട് ഇവരെ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ യൂനിസിന്റെ മരണം സ്വാഭാവികമായ ഒന്നെന്നായിരുന്നു സൗദി അധികൃതര്‍ അവകാശപ്പെട്ടത്.
സമാനമായി ഉഗാണ്ടയില്‍ നിന്ന് സൗദിയിലെത്തിയ ഐഷ മീമിന്റെ മരണവും സ്വാഭാവികമെന്ന് അവകാശപ്പെട്ട് സൗദി അധികൃതര്‍ തള്ളി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഐഷയുടെ ശരീരത്തില്‍ വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്നുണ്ടായ പൊള്ളലുകള്‍ ഉണ്ടായിരുന്നെന്നും ചെവിയിലും കൈകാലുകളിലും ചതവേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നതായും കാണിച്ചിരുന്നു. ഐഷയുടെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലുമായിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന കമ്പനികള്‍ വലിയ ചൂഷണങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും സാക്ഷികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളികളുടെ വേതനം, സുരക്ഷ എന്നിവ ലക്ഷ്യമിട്ട് ചില രാജ്യങ്ങള്‍ സൗദിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ സൗദി പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: At least 274 Kenyan workers have died in Saudi Arabia in the past five years