പിക്ച്ചര്‍ അഭി ഭി ബാക്കി ഹൈന്‍, മിത്രോം!
Freedom of expression
പിക്ച്ചര്‍ അഭി ഭി ബാക്കി ഹൈന്‍, മിത്രോം!
അശ്വതി സേനന്‍
Thursday, 30th August 2018, 5:31 pm

2014 മെയ് തുടങ്ങി നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ബുദ്ധിപൂര്‍വം, ശ്രദ്ധയോടെ, കൂര്‍മതയോടെ അവര്‍ അരങ്ങു ഒരുങ്ങി കഴിഞ്ഞു. അവരുടെ അജണ്ടയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന, അവരെ നിശിതം വിമര്‍ശിക്കുന്ന, അവരുടെ കള്ളങ്ങളും പൊള്ളത്തരങ്ങളും വിളിച്ചു പറയുന്ന ആളുകളെ, സര്‍വ്വകലാശാലകളെ, സംഘടനകളെ അവര്‍ നോട്ടമിട്ടു കഴിഞ്ഞു. അവര്‍ക്കു നേരെ ആക്രമം തുടങ്ങി കഴിഞ്ഞു. അവര്‍ നമ്മുടെ തൊട്ടരികെയാണ്, നമ്മുടെ നീക്കങ്ങളും, വാക്കുകളും, എഴുത്തും, വായനയും, എന്തിനു ആലോചന പോലും അവര്‍ നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ ഏതു പുസ്തകം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയുന്നു എന്നും, ഫെയിസ്ബുക്കില്‍ നമ്മള്‍ ആരുടെ ഏതു പോസ്റ്റ് ലൈക്ക് ചെയ്യുന്നു എന്നും, ആധാര്‍ ഉപയോഗിച്ച്, ഓണ്‍ലൈന്‍ ബാങ്കിങ് വഴി എന്തൊക്കെ വാങ്ങി എന്നും, ഗുഗിള്‍ മാപ്പു വഴി എവിടെ ഒക്കെ പോയി എന്നും, അവര്‍ അറിയുന്നു. അങ്ങനെ അങ്ങനെ നമുക്ക് ചുറ്റും അവരുടേതായ ഒരു വലയം തന്നെ സൃഷ്ടിക്കുന്നു. നമ്മെ പറ്റി കഥകള്‍ മിനയുന്നു. നമ്മളെ ലോകം എങ്ങിനെ അറിയണമെന്ന് അവര്‍ നിശ്ചയിക്കുന്നു.

ഈ ഓഗസ്റ്റ് 28-ഇന്ന് രാവിലെയും സംഭവിച്ചത് അതാണ്. ഇന്ത്യയുടെ പല ഭാഗത്തുള്ള അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസ് വളയുന്നു. അവരുടെ കമ്പ്യൂട്ടര്‍, ഫോണ്‍, ഫയലുകള്‍, പുസ്തകങ്ങള്‍, ഇമെയില്‍ ഐഡി, ഫെയിസ്ബുക്ക് പാസ്വേഡ് എന്നിവ നിര്‍ബന്ധിച്ചു വാങ്ങിക്കുന്നു. ഒരു പൗരന്റെ എല്ലാ മനുഷാവകാശവും, ഭരണഘടനാ അവകാശവും റദ്ദു ചെയ്യുന്ന രീതിയിലാണ് ഈ റെയ്ഡും അതിനു ശേഷമുള്ള അറസ്റ്റും സംഭവിക്കുന്നത്. ചിലരുടെ കുട്ടികളുടെ ഫോണ്‍ പോലും തട്ടി പറിക്കുകയുണ്ടായി.

മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തനുമായ ഗൗതം നവലഖ, ബിലാസ്പുര്‍ ഹൈ കോടതിയിലെ അഭിഭാഷകയും, പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജ്, തെലുഗ് അദ്ധ്യാപകനായിരുന്ന വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അരുണ്‍ ഫെരെര, എഴുത്തുകാരനും അധ്യാപകനുമായ വേര്‍നോണ്‍ ഗോണ്‍സാല്‍വേസ് എന്നവരെ റെയിഡിന് ശേഷം അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവര്‍ക്കെതിരെ 153A (commits any act which is prejudicial to the maintenance of harmony between different religious, racial, language or regional groups or castes or communities and which disturbs the public tranquillity), 120B (criminal conspiracy to commit an offence), 117 (abetting commission of offence by the public or by more than ten persons) ,34 (common intention) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ യു.എ.പി.എയ്ക്ക് കീഴിലുള്ള ചില കുറ്റങ്ങളും ചുമത്തിയിരിക്കുന്നു.

ഇതുകൂടാതെ റാഞ്ചിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാദര്‍ സ്റ്റാന്‍ സ്വാമി, എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെല്‍തുമ്ബലെ, പൗരാവകാശ അഭിഭാഷകയായ സൂസന്‍ എബ്രഹാം എന്നിവരുടെ വീടുകളില്‍ റെയ്ഡുകള്‍ നടക്കുകയുണ്ടായി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, റാഞ്ചി, ഗോവ എന്നിവടങ്ങളില്‍ ഒരേ ദിവസം ഒരേ സമയമാണ് ഈ സംഭവം അരങ്ങേറിയത്. സ്റ്റേറ്റ് പോലീസിന് ഒപ്പം മഹാരാഷ്ട്ര പോലീസും എല്ലാ സ്ഥലങ്ങളിലും ഉണ്ടായിരുന്നു.

ഈ സംഭവങ്ങളുടെ ഒരു നരറേറ്റിവ് മനസിലാക്കാന്‍ പടിപടിയായി ചില സംഭവങ്ങള്‍ പറയട്ടെ.

ഓഗസ്റ്റ് 25: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ “അര്‍ബന്‍ നക്‌സലിസ”ത്തെ കുറിച്ച് “Group of Intellectuals and Academicians (GIA) എന്ന ഒരു സംഘം ഒരു സെമിനാറ് നടത്തുന്നു. സിനിമ നിര്‍മാതാവായ വിവേക് അഗ്‌നിഹോത്രി മുഖ്യ പ്രഭാഷകനും, എ.ബി.വി.പി യുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനില്‍ അംബേദ്കര്‍ മുഖ്യാതിഥിയും സുപ്രീം കോടതി അഭിഭാഷക മോണിക്ക അറോറ പ്രബന്ധ അവതാരികയും ആയ ഈ സെമിനാറില്‍ കയറുന്നതില്‍ നിന്നും ചില വിദ്യാര്‍ത്ഥികളെ വിലക്കിയിരുന്നു.

ജെ.എന്‍.യു വിലെ ഫെബ്രവരി 2016 സംഭങ്ങള്‍ പലരുടെയും തനി സ്വരൂപം പുറത്തു കൊണ്ട് വന്നെന്നും, ഇനി കേരളം, മീഡിയ, ജെ.എന്‍.യു, മാത്രമേ തങ്ങളുടെ പരിധിയില്‍ വരാന്‍ ബാക്കി ഉള്ളു എന്നതുമായിരുന്നു ഈ സെമിനാറില്‍ നിന്ന് വന്ന പ്രധാന ആഹ്വാനാം. അതെ സമയം തന്നെ “അര്‍ബന്‍നക്‌സല്‍സ് ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യുന്നു. ആരൊക്കെ അവരുടെ കണ്ണില്‍ മാവോയിസ്റ്റ് ആണെന്നും, ഇനി ആരൊക്കെ അവരുടെ ലിസ്റ്റില്‍ ചേര്‍ക്കാമെന്നും ചര്‍ച്ച നടക്കുന്നു.

ജൂലൈ 4: അര്‍ണാബ് ഗോസ്വാമിയുടെ “അര്‍ബന്‍നക്‌സല്‍” എക്‌സ്‌ക്യൂസീവ് വാര്‍ത്ത ചര്‍ച്ചയില്‍ ഇതില്‍ മേല്പറഞ്ഞ സുധാ ഭരദ്വാജ് അര്‍ബന്‍ നക്‌സല്‍ ആണെന്നതിനു തെളിവ് ലഭിച്ചു എന്ന് പ്രഖ്യാപിക്കുന്നു. തന്റെ സുഹൃത്തായ “കോമ്രേഡ് പ്രകാശി”ന് ഇന്ത്യയില്‍ കശ്മീരിലെ പോലുള്ള സ്ഥിതി വിശേഷം ഉണ്ടാക്കണമെന്ന് കത്തെഴുതുകയും “കോമ്രേഡ് അഡ്വക്കേറ്റ് സുധാ ഭരദ്വാജ്” എന്ന് ഒപ്പു വെക്കുകെയും ചെയ്തു എന്നതായിരുന്നു അതിനായി നല്‍കിയ തെളിവ്. ഇത് കൂടാതെ അവര്‍ മവോയിസ്റ്റുകളില്‍ നിന്നും കാശു വാങ്ങിയെന്നും ഗോസ്വാമി ആരോപിച്ചു.

People”s Union for Civil Liberties-Cന്റെ നാഷണല്‍ സെക്രട്ടറിയും, നാഷണല്‍ ലോ സ്‌കൂളിലെ അധ്യാപികയുമായ സുധ ഈ ആരോപങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മാനനഷ്ടത്തിന് അടുത്ത ദിവസം തന്നെ കേസു കൊടുത്തു. സുധയുടെ പ്രസ്താവന പ്രകാരം മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രസ് മീറ്റ് നടത്തിയതും, ഭീം ആര്‍മി നേതാവായ അഡ്വക്കേറ്റ് ചന്ദ്രശേഖര്‍ രാവണ്‍, തൂത്തുക്കുടി വെടിയേപ്പിന്റെ കേസിലെ അഡ്വക്കേറ്റ് വാച്ചിനാഥന്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതുമാണ് സ്റ്റേറ്റിനെ പ്രകോപിപ്പിക്കുന്നത്.

ജൂണ്‍ 6: അഡ്വക്കറ്റ് സുരേന്ദ്ര ഗാഡ്ലിംഗ്, ഇംഗ്ലീഷ് പ്രൊഫസര്‍ ഷോമ സെന്‍, എഴുത്തുകാരന്‍ സുധിര്‍ ധവാലെ, സാമൂഹിക പ്രവര്‍ത്തകന്‍ മഹേഷ് റൗത്, തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന റോണാ വിത്സണ്‍ എന്നിവരെ അറസ്‌റ് ചെയ്തു പുണെയില്‍ കൊണ്ട് വരുന്നു. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് മഹരാഷ്ട്രയിലെ ഭീമാ കോര്‍ഗാവ് എന്ന സ്ഥലത്തു ദളിതരുടെ പരിപാടിയില്‍ അക്രമം അഴിച്ചു വിട്ടതില്‍ ഇവര്‍ക്ക് പങ്കുണ്ട് എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മഹാരാഷ്ട്രയില്‍ നടന്ന അറസ്റ്റു ഈ ചൊവ്വാഴ്ച നടന്ന അറസ്റ്റില്‍ നിന്ന് മാറ്റി കാണാന്‍ പാടില്ല.

ജനുവരി 1: എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ദളിതര്‍ ഒത്തു ചേരുന്ന സ്ഥലമാണ് ഭീമാ കോരേഗാവ്. ബ്രിട്ടീഷുകാരുടെ സൈന്യത്തിലെ അംഗങ്ങളായിരുന്ന മഹര്‍ ജാതിയില്‍ പെട്ട ഇവര്‍ ബ്രാഹ്മണന്‍ പേഷ്വാ നേതൃത്വത്തിലെ മറാത്താ സാമ്രാജ്യത്തെ ജനുവരി 1, 1818-ല്‍ തോല്‍പ്പിച്ചതു ആഘോഷിക്കാനാണ് ഈ ഒത്തുചേരല്‍. ഇതിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ അന്ന് ആ യുദ്ധത്തില്‍ പങ്കെടുത്ത അഞ്ഞൂറോളം മഹര്‍ പൂര്‍വികര്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കാനുള്ള ഒത്തു ചേരലാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ദളിത് പട്ടാളക്കാരും മേജര്‍മാര്‍ പോലും അവരുടെ ജാതിയിലുള്ള അഭിമാനത്തിന്റെ അടയാളമായാണ് ഇവിടെ ഒത്തു കൂടുന്നത്.

എന്നാല്‍ ഈ യുദ്ധത്തില്‍ അവര്‍ ബ്രിട്ടീഷുകാരുടെ കൂടെ ആയിരുന്നു എന്നതിനാല്‍ ഇത് രാജദ്രോഹത്തിനു തുല്യമാണ് എന്നാണ് വലതുപക്ഷ വാദം. പേഷ്വാ രാജാക്കന്മാരുടെ ജാതിവെറിയില്‍ ക്രൂരമായി പിടിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിന് എന്നാല്‍ ഈ വിജയം സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മദിനമാണ്. ജനുവരി 1, 1927 ഇല്‍ ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഇവിടെ തുടങ്ങിവെച്ച ഒരു ആദരിക്കല്‍ ചടങ്ങാണ് എന്നും തുടരുന്നത്. അഞ്ചു ലക്ഷത്തോളം പേരാണ് ഓരോ കൊല്ലവും ഇവിടെ വരുന്നത്.

ഈ വര്‍ഷം എന്നാല്‍ ആ ദിനം അവര്‍ക്കു ഭീകരതയുടേതായിരുന്നു. മാറാട്ടക്കാരും ദളിതരും തമ്മില്‍ ഇവിടെ ഒരു വലിയ സംഘട്ടനം ഉണ്ടായി. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരുപാടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ അവസാനം ഈ സ്ഥലത്തിന് അരികില്‍ പെട്ടെന്ന് പ്രത്യക്ഷ പെട്ട ഒരു ബോര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കവും ആക്രമണവും.

ആ ആക്രമണത്തില്‍ ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിപ്രകാരം ഹിന്ദു ഏകത മഞ്ചിന്റെ തലവാനായ മിലിന്ദ് എക്ബോത്തെയും ശിവ് പ്രതിഷ്ഠട്ടാന്‍ ഹിന്ദുസ്ഥാന്റെ മുഖ്യനായ സാംബാജി ഭീടെയും ആണ് അക്രമത്തിന്നു നേതൃത്വം നല്‍കിയത്. മിലിന്ദ് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ ജാമ്യം നേടി പുറത്തുവന്നു, എന്നാല്‍ ബിഡ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഈ അന്വേഷണത്തോടെ നിഷ്‌ക്രിയമാക്കുന്ന തരത്തിലാണ് ഭീമാ കോരേഗാവില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഷോമ അടങ്ങുന്ന അഞ്ചു പേര്‍ ആണ് കാരണക്കാര്‍ എന്ന് പറയുന്നത്.

ഈ യമണ്ടന്‍ ആരോപണത്തെ നിയമപരമായി നേരിട്ടപ്പോള്‍ പ്രധാനമന്ത്രി മോദിയെ കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടതിനാണ് ഇവരെ അറസ്‌റ് ചെയ്തത് എന്നായി കഥ മാറി. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ അഞ്ചു പേരും “മോദിജി”യെ കൊല്ലാന്‍ വമ്പന്‍ പ്ലാന്‍ ആസൂത്രണം ചെയ്തവരായി മാറിക്കഴിഞ്ഞിരുന്നു. കേരള പ്രളയ സമയത്തു അവര്‍ മലയാളികള്‍ക്കും കേരളം സര്‍ക്കാരിനും പ്രളയ ബാധിതര്‍ക്കും എതിരെ തൊടുത്തു വിട്ട വിഷം ഓര്‍ത്താല്‍ തന്നെ ഈ ഒരു “മര്‍ഡര്‍ പ്ലാനി”നെ എങ്ങിനെയാണ് അവര്‍ അവരുടെ ആളുകള്‍ക്കിടയില്‍ എത്തിച്ചതെന്ന് ഓര്‍ക്കാവുന്നതാണല്ലോ! നട്ടുച്ച വെയിലത്ത്, ഡല്‍ഹിയിലെ ഹൈ സെക്യുരിറ്റി സോണായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് മുന്നില്‍ നിന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ നിറയൊഴുക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഇതും സംഭവിക്കുന്നതെന്ന് നമ്മള്‍ മറക്കാന്‍ പാടില്ല.

അര്‍ണാബ് ഗോസ്വാമി എന്നും രാത്രി നമ്മുടെ അത്താഴ സമയത്തു റിപ്പബ്ലിക് ടിവിയില്‍ പ്രത്യക്ഷപെട്ടു ഒരു നല്ല ഇന്ത്യന്‍ പൗരനെങ്കില്‍ ഈ അര്‍ബന്‍ നക്‌സലിനെ തുരത്തു, ഈ anti-national നെ കാട്ടികൊടുക്കു, ഈ കോമേഡ്‌സിനെ ജയിലിലാക്കു, ജോലിയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കൂ, എന്ന തരത്തില്‍, ഈ രാജ്യത്തു നിലവിലുള്ള നിയമവ്യവസ്ഥയെയും, ഭരണഘടനാ അവകാശങ്ങളെയും കാറ്റില്‍ പറത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതിലും ഭീകരമാണ് ഹിന്ദി ന്യൂസ് ചാനല്‍സിന്റെ അവസ്ഥ.

യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടേഴ്‌സില്‍ ചിലര്‍ അദ്ദേഹത്തെ പോലെ കാവി വസ്ത്രം ധരിച്ചാണ് വാര്‍ത്ത വായിച്ചത് പോലും. നാനൂറോളം കടകളിളിലൂടെ ദിനം ഒരു ലക്ഷത്തോളം ഉപഭോക്താക്കളുള്ള ഡല്‍ഹിയിലെ സഫല്‍ (പച്ച കറിയും പാലും വിതരണം ചെയ്യുന്ന ചെയിന്‍) കടകളില്‍ പലപ്പോഴും ഇത്തരത്തിലുള്ള ഹിന്ദി വാര്‍ത്ത ചാനലുകള്‍ ഓണ്‍ ആയി കാണാറുണ്ട്. വീണ്ടും വീണ്ടും ഒരേ വിഷ്വല്‍ കാണിച്ചു, കുറ്റാരോപണം ചെയ്യുന്നതു പോലെയുള്ള വാര്‍ത്ത അവതരണ ശൈലിയും, വളരെ ജിങ്കോയിസ്റ്റിക് ആയ സര്‍വ്വേ ചോദ്യങ്ങളും വഴി അവര്‍ ചെയ്യുന്നത് ആളുകളുടെ മനോഭാവത്തെ മാറ്റി മറിക്കല്‍ തന്നെയാണ്.

ടിവി ചര്‍ച്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ യോജനകളിലൂടെയും, അവരുടെ പ്രസംഗങ്ങളിലൂടെയും അവര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവരെ ദേശദ്രോഹികളും, മാവോയിസ്റ്റുകളും, നക്‌സലുകളും ഒക്കെ ആക്കി മാറ്റി കൊണ്ടിരിക്കുകയാണ്, അഥവാ മറ്റുള്ളവരുടെ കണ്ണില്‍, ബോധത്തില്‍ ബ്രാന്‍ഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

ശബ്ദത്തിലൂടെയോ, എഴുത്തിലൂടെയോ, വരയിലൂടെയോ, സിനിമയിലൂടെയോ, സംഗീതത്തിലൂടെയോ സര്‍ക്കാരിനെയോ, സര്‍ക്കാര്‍ നയങ്ങളെയോ, വലതു പക്ഷം രാജ്യമാകെ അഴിച്ചു വിട്ടിരിക്കുന്ന ഭ്രാന്തിനെയോ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ നിങ്ങളും ഈ പറഞ്ഞ ലിസ്റ്റില്‍ ഉണ്ടാകാം. 2019-ഇന് മുന്‍പ് ഇത്തരത്തില്‍ കുറെ അധികം മനുഷ്യാവക്ഷ പ്രവര്‍ത്തകരെ, പത്രപ്രവര്‍ത്തകരെ, പരിസ്ഥിതിപ്രവര്‍ത്തകരെ, പൗരാവകാശ പ്രവര്‍ത്തകരെ, ചിന്തകരെ ഒക്കെ ഇങ്ങനെ നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കുക എന്നത് അവരുടെ അജണ്ട തന്നെ ആണ്. അവര്‍ ചിന്തിക്കുന്നത് അങ്ങനെ ചെയ്താല്‍ അവരുടെ പൊള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാനും അവരെ ചോദ്യം ചെയ്യാനുമുള്ള സമയമോ മനസോ അവര്‍ക്കു ഉണ്ടാകില്ല എന്നാണ്. അങ്ങനെ ആവില്ല എന്ന് തന്നെയാണ് ചരിത്രവും അവരുടെ ജീവിതവും നമുക്ക് പറഞ്ഞു തരുന്നത്.

പി എസ്: ഇത് എഴുതിക്കഴിയാറാവുമ്പോള്‍ ദളിത് നേതാവായ സുശീല്‍ ഗൗതം മറ്റു അഞ്ചു പേരോടൊപ്പം അറസ്റ്റ് ചെയ്യപെട്ടു എന്ന വാര്‍ത്ത ഒരു സുഹൃത്തു അയച്ചു തന്നു. കൂടാതെ ചില എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ അക്കാഡമിക് കൗണ്‍സില്‍ നന്ദിനി സുന്ദറിന്റെ Subalterns and Sovereigns: An Anthropological History of Bastar, അര്‍ച്ചന പ്രസാദിന്റെ Against Ecological Romanticism: Verrier Elwin and the Making of an Anti-modern Tribal Identity എന്ന രണ്ടു പുസ്തകങ്ങള്‍ സിലബസ്സില്‍ നിന്നും നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്തയും കണ്ടു.
പിക്ച്ചര്‍ അഭി ഭി ബാക്കി ഹൈന്‍, മിത്രോം!

അശ്വതി സേനന്‍
ഗവേഷക, ദല്‍ഹി