കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ അകലെയുള്ള സൂപ്പര്‍നോവ കണ്ടെത്തി; ദൂരം 1050 കോടി പ്രകാശവര്‍ഷം
Astronomy
കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ അകലെയുള്ള സൂപ്പര്‍നോവ കണ്ടെത്തി; ദൂരം 1050 കോടി പ്രകാശവര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2018, 7:33 pm

വാഷിങ്ടണ്‍: ഇതുവരെ കണ്ടുപിടിക്കപ്പെട്ടതില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള സൂപ്പര്‍നോവ കണ്ടെത്തി. “ദി ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി”ലാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 1050 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് കണ്ടെത്തപ്പെട്ട സൂപ്പര്‍നോവ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

DES16C2nm എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സൂപ്പര്‍നോവയ്ക്ക് നല്‍കിയ പേര്. ഈ സൂപ്പര്‍ നോവയെ ആദ്യം കണ്ടെത്തുന്നത് 2016 ആഗസ്റ്റിലാണ്. ഡാര്‍ക്ക് എനര്‍ജി സര്‍വ്വേയിലാണ് അന്ന് ഇത് കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് നക്ഷത്രസമൂഹങ്ങളെ രേഖപ്പെടുത്തി വെച്ച് പ്രപഞ്ചത്തിലെ നിഗൂഢശക്തിയായ ശ്യാമോര്‍ജ്ജത്തെ (Dark Energy) കുറിച്ച് കൂടുതല്‍ അറിയാനായുള്ള പഠനമാണ് ഡാര്‍ക്ക് എനര്‍ജി സര്‍വ്വേ.

സൂപ്പര്‍ നോവ പൊട്ടിത്തെറിയ്ക്ക് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍.

DES16C2nm എന്ന സൂപ്പര്‍നോവയുടെ ദൂരവും തിളക്കവും 2017 ഒക്ടോബറിലാണ് സ്ഥിരീകരിക്കപ്പെട്ടത്. ലോകത്തെ ഏറ്റവും ശക്തിയേറിയ മൂന്ന് ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചായിരുന്നു ഇത്. ചിലിയിലെ ദി മെഗല്ലന്‍, വെരി ലാര്‍ജ് ടെലസ്‌കോപ്പ് എന്നിവയുംഹവായിയിലെ കെക്ക് ഒബ്‌സര്‍വേറ്ററി എന്നീ ടെലസ്‌കോപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്.

നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിലുള്ള നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയാണ് സൂപ്പര്‍ നോവ. ഊര്‍ജ്ജാല്‍പ്പാദനത്തിനുള്ള ഇന്ധനമായ ഹൈഡ്രജന്‍ തീരുമ്പോഴാണ് പ്രകാശമേറിയ പൊട്ടിത്തെറി സംഭവിക്കുന്നത്.