'ഗെയിം ചെയിഞ്ചര്‍' പദ്ധതി ഉള്‍പ്പെടുത്തിയ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്‌
national news
'ഗെയിം ചെയിഞ്ചര്‍' പദ്ധതി ഉള്‍പ്പെടുത്തിയ പ്രകടന പത്രികയുമായി കോണ്‍ഗ്രസ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 1:07 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ന്യായ് പദ്ധതി വാഗ്ദാനവുമായി കോണ്‍ഗ്രസ്. മിനിമം വരുമാന പദ്ധതിയായ ‘ന്യായ്’ പദ്ധതി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗെയിം ചെയ്ഞ്ചര്‍ എന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്ന ന്യായ് പദ്ധതി പാര്‍ട്ടിക്ക് പ്രതീക്ഷിച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാനായിരുന്നില്ല. എന്തിരുന്നാലും അതേ വാഗ്ദാനം തന്നെ രണ്ടാമതും മുന്നോട്ട് വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇത് വീണ്ടും പരീക്ഷിക്കുന്നതെന്നും ഇതിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും യുവാക്കള്‍ക്കിടയില്‍ ന്യായ് പദ്ധതി വലിയ ഫലം കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ദളിത്, ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അനുകൂല മനോഭാവം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം രവിദാസ് മന്ദിര്‍ വിഷയവും കൃഷിക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും.

ഹരിയാനയിലെ കോണ്‍ഗ്രസ് പ്രകടനപത്രിക ഒക്ടോബര്‍ 11 ന് പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു.

12,000 രൂപ മാസവരുമാനമില്ലാത്ത രാജ്യത്തെ 20 ശതമാനം കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ അംഗങ്ങളാവുന്നത്. ഇവര്‍ക്ക് മാസം കുറഞ്ഞത് 12,000 രൂപ ഉറപ്പാക്കും. ദാരിദ്ര്യത്തിനെതിരേയുള്ള മിന്നലാക്രമണമാണെന്ന് ന്യായ് പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞിരുന്നു.