ഗുവാഹത്തി: അടുത്ത വര്‍ഷം നടക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയ്ക്കകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയ്‌ക്കെതിരെ എല്ലാ കക്ഷികളെയും അണിനിരത്തുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. മഹാസഖ്യത്തെ നയിക്കുക എന്നതിലാണ് ഞാന്‍ ശ്രദ്ധകൊടുക്കുന്നത്. ബദറുദ്ദീന്‍ അജ്മലിന്റേ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്), ഇടതുപാര്‍ട്ടികള്‍ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി മഹാസഖ്യം രൂപീകരിക്കണം’, ഗൊഗോയി പറഞ്ഞു.
അതേസമയം എ.ഐ.യു.ഡി.എഫുമായി സഖ്യംചേരുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. ഉത്തര അസമിലെ വോട്ടുകള്‍ ഇത് മൂലം നഷ്ടമാകുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.
അതേസമയം കൃഷക് മുക്തി സംഗ്രം സമിതി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കെ.എം.എസ്.എസായിരുന്നു.
അഖില്‍ ഗൊഗോയിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാണ് കെ.എം.എസ്.എസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.
അതേസമയം കെ.എം.എസ്.എസ് മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും പറഞ്ഞിരുന്നു. ബി.ജെ.പിയെ താഴെയിറക്കണമെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കണമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് തരുണ്‍ ഗൊഗോയി രംഗത്തെത്തിയിരുന്നു.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി അസം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് തരുണ്‍ ഗൊഗോയി പറഞ്ഞിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗൊഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് തോന്നുന്നത് അദ്ദേഹം ഉറപ്പായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ്. അത്തരത്തിലുള്ള സൂചനകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്.’
രാജ്യസഭയിലേക്ക് പോകാന്‍ അദ്ദേഹത്തിന് മടിയില്ലെങ്കില്‍ പിന്നെന്താണ് രാഷ്ട്രീയത്തില്‍ പരസ്യമായി ഇറങ്ങുന്നതിന് തടസമെന്നും തരുണ്‍ ഗൊഗോയി ചോദിച്ചു. അയോധ്യയിലെ രാമജന്മഭൂമി വിധിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം സന്തുഷ്ടരാണെന്നും അതിനാല്‍ ഇതെല്ലാം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാം രാഷ്ട്രീയമാണ്. അയോധ്യാവിധിയില്‍ ബി.ജെ.പി സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ രഞ്ജന്‍ ഗൊഗോയി പതിയെ രാഷ്ട്രീയത്തിലേക്കിറങ്ങും. അതിന്റെ ആദ്യപടിയാണ് രാജ്യസഭാ നോമിനേഷന്‍. അല്ലെങ്കില്‍ അദ്ദേഹം എം.പി സ്ഥാനം നിരസിക്കാത്തതെന്താണ്?’, തരുണ്‍ ഗൊഗോയി ചോദിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പോലുള്ള പദവിയിലേക്ക് പോകാതെ എം.പി സ്ഥാനം തെരഞ്ഞെടുത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക