ഭോപ്പാൽ: മൂന്ന് മാസമായി വാടക നൽകാത്തതിനെ തുടർന്ന് ഭോപ്പാലിലെ ആം ആദ്മി പാർട്ടിയുടെ ഓഫീസ് വീട്ടുടമസ്ഥൻ അടച്ച് പൂട്ടി. ഇത്തരം സംഭവങ്ങൾ നടക്കുന്നത് തങ്ങൾ സത്യസന്ധതയോടെ പ്രവർത്തിക്കുന്നതിനാലാണെന്ന് ഭോപ്പാലിലെ ആം ആദ്മി പാർട്ടി പ്രതികരിച്ചു.
‘ഇതെല്ലാം സംഭവിക്കുന്നത് നമ്മൾ സത്യസന്ധതയോടെ പ്രവർത്തിക്കുമ്പോഴാണ്. കാര്യങ്ങൾ മെച്ചപ്പെടും. നമ്മൾ സത്യസന്ധരാണ്. ഇപ്പോൾ, നമ്മുടെ പാർട്ടിക്ക് ഫണ്ടില്ല. അതിനാൽ ഞങ്ങൾക്ക് വാടക പണമടക്കാൻ കഴിഞ്ഞില്ല,’ മധ്യപ്രദേശിലെ ആം ആദ്മി ജോയിന്റ് സെക്രട്ടറി രമാകാന്ത് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാദേശിക ഫണ്ടുകൾ ഉപയോഗിച്ചാണ് പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും എന്നാൽ പ്രവർത്തകരുടെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഓഫീസ് വാടക എത്രയാണെന്നും അത് തിരിച്ചടക്കാൻ എത്ര സമയമെടുക്കുമെന്നും എനിക്കറിയില്ല,’ ആം ആദ്മി വക്താവ് പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന ബി.ജെ.പി വക്താവ് നരേന്ദ്ര സലൂജ ആം.ആദ്മി പാർട്ടിയെ പരിഹസിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. ‘ആം ആദ്മി പാർട്ടിയുടെ എം.പി ഓഫീസ് പൂട്ടി, അടുത്ത നമ്പർ കോൺഗ്രസിന്റേതാണ്,’ സലൂജ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന ദൽഹി നിയമ സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഭോപ്പാലിലെ പാർട്ടി ഓഫീസ് അടച്ചുപൂട്ടിയിരിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 48 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി എ.എ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എ.എ.പി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ദൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, മുൻ മന്ത്രിമാരായ സോമനാഥ് ഭാരതി, സത്യേന്ദ്ര ജെയിൻ, പാർട്ടി നേതാക്കളായ അവധ് ഓജ, ദുർഗേഷ് പഥക് എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കൾ അതാത് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
Content Highlight: AAP Bhopal office locked over upaid rent, party calls it result of ‘honesty’