ദീപു കരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. ചിത്രം പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് നടി അനശ്വര രാജന്‍ ഇന്‍സ്റ്റഗ്രാം വഴി പ്രൊമോട്ട് ചെയ്തില്ലെന്ന് പറയുകയാണ് സംവിധായകന്‍ ദീപു കരുണാകരന്‍.
സിനിമക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള വഴിയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പ്രൊമോഷനെന്നും എന്നാല്‍ അത് ചെയ്യാന്‍ അനശ്വര വൈമുഖ്യം കാണിച്ചുവെന്നും ദീപു പറയുന്നു. ഒരു ചെറിയ പോസ്റ്റ് ഇടുന്നതില്‍ എന്താണ് തെറ്റെന്നും ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പോസ്റ്റിടുന്നതില്‍ നിന്ന് എന്താണ് അനശ്വരയെ പിന്നോട്ട് വലിക്കുന്നതെന്നും സംവിധായകന്‍ ചോദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദീപു കരുണാകരന്‍. ഇതില്‍ ഇനി നിയമപരമായി പോകുകയല്ലെങ്കില്‍ പിന്നെ അസോസിയേഷന്‍ വഴി നീങ്ങണമെന്നും നടി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘അനശ്വര രാജന്‍ സിനിമ പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് ഇന്‍സ്റ്റ വഴി പ്രൊമോട്ട് ചെയ്തില്ല. ഇന്‍സ്റ്റ വഴി പ്രൊമോഷന്‍ നടത്താത്തത് വലിയ പാതകമാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. പക്ഷെ അതായിരുന്നു നമ്മുടെ മേജര്‍ റെവന്യു. നമുക്ക് കൂടുതല്‍ റീച്ച് കിട്ടാനുള്ള വഴിയായിരുന്നു അത്. പക്ഷെ ഇന്‍സ്റ്റ വഴി പ്രൊമോഷന്‍ ചെയ്യാന്‍ അനശ്വര വൈമുഖ്യം കാണിച്ചു.
ഇന്ദ്രജിത്ത് അവരോട് സംസാരിച്ചിരുന്നു. പ്രൊമോഷന്‍ സമയത്ത് ആ കാര്യം പറഞ്ഞ് അദ്ദേഹം അനശ്വരയെ വിളിച്ചിരുന്നു. പക്ഷെ നോക്കാമെന്ന് മാത്രമായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ പറയേണ്ട കാര്യമല്ലല്ലോ. ഒരു ചെറിയ പോസ്റ്റ് ഇടുന്നതില്‍ എന്താണ് തെറ്റ്. ഇന്‍സ്റ്റയില്‍ മൂന്ന് പോസ്റ്റിടുന്നതില്‍ നിന്ന് എന്താണ് അവരെ പിന്നോട്ട് വലിക്കുന്നത്.
ഈ സിനിമയിലെ മെയിന്‍ കാസ്റ്റ് അനശ്വരയാണ്. ഒരു ഹീറോയിന്‍ ഡ്രിവണ്‍ മൂവിയാണ് ഇത്. അവര്‍ മാത്രമാണ് ഈ സിനിമയില്‍ ഏറ്റവും കൂടുതലുള്ളത്. അപ്പോള്‍ പിന്നെ അവര്‍ വരാതെ പ്രൊമോഷന്‍ ചെയ്തിട്ട് എന്താണ് കാര്യം. ഇതില്‍ ഇനി നിയമപരമായി പോകുകയല്ലെങ്കില്‍ പിന്നെ അസോസിയേഷന്‍ വഴി നീങ്ങണം. അതിനുള്ള നഷ്ടപരിഹാരം അവര്‍ (അനശ്വര രാജന്‍) തിരിച്ചുതരണം,’ ദീപു കരുണാകരന്‍ പറഞ്ഞു.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍:
മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍. ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത്.
ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അര്‍ജുന്‍ ടി. സത്യന്‍ ആണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഈ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നു.
Content Highlight: Mr And Mrs Bachelor Movie Director Deepu Karunakaran Against Anaswara Rajan