'ശൂദ്രർ ബ്രാഹ്മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കാനുള്ളവർ'; അസം മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനം
ന്യൂദൽഹി: ശൂദ്രർ ബ്രാഹ്മണരെയും ക്ഷത്രിയരെയും വൈശ്യരെയും സേവിക്കാനുള്ളവരാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ വ്യാപക വിമർശനം.
ഹിമന്ത ബിശ്വയുടെ പരാമർശത്തെ അപലപിക്കുന്നതായും ബി.ജെ.പിയുടെ മനുവാദ പ്രത്യയശാസ്ത്രമാണ് നടക്കുന്നതെന്നും സി.പി.ഐ.എം എക്‌സിൽ പോസ്റ്റ് ചെയ്തു.
ഡിസംബർ 23ന് ഹരിയാനയിൽ അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുത്തതിന് പിന്നാലെയുള്ള എക്സിലെ പോസ്റ്റിലാണ് അസം മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
സവർണ വിഭാഗങ്ങളെ സേവിക്കുക എന്നത് ശ്രൂദരുടെ സ്വാഭാവിക കടമയാണെന്ന് കൃഷ്ണ ഭഗവാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഹിമന്ത പറഞ്ഞത്.
പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
ചതുർവർണ വ്യവസ്ഥ മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങളിൽ മഹത്വവത്കരിച്ചിട്ടുള്ളതാണ്.
ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ വേദങ്ങളെയും ഉപനിഷത്തുക്കളെയും ഭഗവത് ഗീതയെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹിമന്ത ഗീത മഹോത്സവത്തിൽ പറഞ്ഞിരുന്നു.
ഒക്ടോബറിൽ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗ്‌വത് ജാതിയെന്ന ആശയത്തോടൊപ്പം വർണ വ്യവസ്ഥയെയും ഇല്ലാതാക്കണമെന്ന് പറഞ്ഞിരുന്നു.
പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് ഹിമന്തയുടെ പ്രസ്താവനയെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു.
ആർ.എസ്.എസിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് അസം മുഖ്യമന്ത്രിയുടെ പോസ്റ്റ് എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചു.
Content Highlight: Assam CM Hemant Biswa draws ire for praising caste system