Film News
എന്റെ കാര്യത്തില്‍ മമ്മൂക്ക കാണിച്ച ഒരു മനസുണ്ട്, അദ്ദേഹത്തിന്റെ ആ ഒരു വാക്ക്, അതിനു നന്ദി പറഞ്ഞേ പറ്റു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 19, 01:24 pm
Saturday, 19th November 2022, 6:54 pm

തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയും ഒ.ടി.ടി റിലീസിനെത്തിയതിനുശേഷം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയും ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്ക്. റോഷാക്കില്‍ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു ആസിഫ് അലി അവതരിപ്പിച്ച ദിലീപ്. മുഖം മറച്ചാണ് റോഷാക്കില്‍ മുഴുനീളം ആസിഫ് അലി അഭിനയിച്ചത്. അതിന് മികച്ച പ്രതികരണവും മമ്മൂട്ടിയുടെ അടക്കം അഭിനന്ദനവും താരത്തിന് ലഭിച്ചിരുന്നു.

വലിയൊരു അംഗീകാരമാണ് മമ്മൂട്ടിയുടെ അഭിനന്ദനമെന്നും അത്തരമൊരു സിനിമ തിരഞ്ഞെടുത്തതില്‍ തന്നെ അദ്ദേഹത്തോട് റെസ്പെക്ട് ഉണ്ടെന്നും ആസിഫ് പറഞ്ഞു. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അങ്ങനെയൊരു സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് അത് മനസിലാക്കി പ്രൊഡ്യൂസ് ചെയ്യാന്‍ മമ്മൂക്കക്ക് കഴിഞ്ഞു എന്നത് അദ്ദഹം മികച്ചതാണെന്ന് വീണ്ടും തെളിയിക്കുന്നതണ്. അദ്ദേഹം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ്.

എന്നെ പോലെയുള്ള ഒരാള്‍ ഇങ്ങനെ ഒരു കഥാപാത്രം ചെയ്തത് അഭിനന്ദിക്കാന്‍ അദ്ദേഹം കാണിച്ച മനസ് വലുതാണെന്ന് എനിക്കറിയാം. അത് എന്റെ സിനിമ ജീവിതത്തേയും വ്യക്തി ജീവിതത്തേയും എത്രമാത്രം ബൂസ്റ്റ് ചെയ്യുമെന്നും എനിക്കറിയാം.

ഞാന്‍ ഫുള്‍ ഫാമിലിയായി ഒരു ടൂര്‍ പോയതിനിടയിലാണ് മമ്മൂക്ക അഭിനന്ദിക്കുന്ന വീഡിയോ കാണുന്നത്. നിങ്ങള്‍ അലോചിച്ച് നോക്ക്, ഞാന്‍ എന്തൊരു അഭിമാനത്തോടെയാണ് ആ വീഡിയോ കാണുന്നത്. എന്നെ ഇഷ്ടപ്പെടുന്ന എല്ലാരെയും ആ ഒറ്റവാക്കുകൊണ്ട് സന്തോഷിപ്പിച്ചതിന് മമ്മൂക്ക കാണിച്ചൊരു മനസുണ്ട്. അതിന് നന്ദി പറഞ്ഞേ പറ്റു,’ ആസിഫ് പറഞ്ഞു.

റോഷാക്കില്‍ കണ്ണുകൊണ്ട് മാത്രമാണ് ആസിഫ് അഭിനയിച്ചത്. എന്നാല്‍ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രക്ഷകര്‍ താരത്തെ തിരിച്ചറിഞ്ഞിരുന്നു.

കൂമനാണ് ഒടുവില്‍ പുറത്തിറങ്ങിയ ആസിഫിന്റെ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ആസിഫിന് പുറമേ രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ബാബു രാജ് തുടങ്ങിയവരും കൂമനില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: asif ali talks about the appreciation of mammootty