Entertainment
കമല്‍ സാറിനോട് പറയാന്‍ പാകത്തിനൊരു സിനിമ എനിക്കില്ലെന്ന് അപ്പോള്‍ തിരിച്ചറിഞ്ഞു; അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടിച്ചു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 05:00 am
Monday, 31st March 2025, 10:30 am

കമല്‍ ഹാസനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ആസിഫ് അലി. തലവന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താന്‍ കമല്‍ ഹാസനെ കാണാന്‍ പോയെന്നും ഏത് സിനിമയെ കുറിച്ച് പറഞ്ഞാണ് താന്‍ തന്നെ പരിചയപ്പെടുത്തുയെന്ന് ആലോചിച്ചെന്നും ആസിഫ് അലി പറയുന്നു.

ഏത് സിനിമ വെച്ച് തന്നെ പരിചയപ്പെടുത്തണമെന്ന് ആലോചിക്കുമ്പോള്‍ തനിക്ക് അങ്ങനെ ഒരു സിനിമയില്ല എന്ന് ആ മൊമന്റില്‍ തിരിച്ചറിഞ്ഞപോലെ തോന്നിയെന്നും അങ്ങനെ പെട്ടെന്ന് സ്ട്രൈക്ക് ചെയ്ത സിനിമ ഉയരെ ആയിരുന്നുവെന്നും ആസിഫ് പറഞ്ഞു. കമല്‍
ഹാസന്റെ ഓഫീസിലെത്തി താന്‍ ഉയരെയും ട്രാഫിക്കും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞെന്നും അപ്പോള്‍ ആസിഫിനെ തനിക്കറിയാമെന്ന് കമല്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തലവന്റെ പ്രൊമോഷന്റെ ഭാഗമായി ഞാന്‍ കമല്‍ ഹാസന്‍ സാറിനെ കാണാന്‍ പോവുകയായിരുന്നു. ഞാന്‍ എങ്ങനെയായിരിക്കും, ഏത് സിനിമയെ കുറിച്ച് പറഞ്ഞായിരിക്കും അദ്ദേഹത്തിന് മുന്നില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുക എന്ന് ഇങ്ങനെ ആലോചിക്കുകയാണ്.

ലിഫ്റ്റില്‍ കയറി രണ്ടാമത്തെ നിലയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തുന്നതുവരെ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഏത് സിനിമ വെച്ച് എന്നെ പരിചയപ്പെടുത്തണമെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അങ്ങനെ ഒരു സിനിമയില്ല എന്ന് ആ മൊമന്റില്‍ ഞാന്‍ തിരിച്ചറിഞ്ഞപോലെ തോന്നി. അങ്ങനെ പെട്ടെന്ന് എനിക്ക് സ്ട്രൈക്ക് ചെയ്ത സിനിമ ഉയരെയാണ്.

അങ്ങനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ‘സാര്‍, ഞാന്‍ ആസിഫ് അലി. ഉയരെയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ട്രാഫിക്കിലും’ എന്ന് പറഞ്ഞു. അദ്ദേഹം അതിന്റെ റീമേക്ക് റൈറ്റ്സ് എടുത്തിരുന്നു. പക്ഷേ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ലായിരുന്നു. ഉയരെയെ പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഇങ്ങനെ ഒരു ചിരിയോടെ നോക്കിയിട്ട് എനിക്കറിയാം ആസിഫിനെ എന്ന് പറഞ്ഞു. ഉയരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു.

എന്നെ അറിയാം എന്ന് പറഞ്ഞപ്പോള്‍ ഒരു ധൈര്യം വന്നു. പക്ഷേ ആ ചിന്ത എന്നെ അലട്ടി. ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും എടുത്ത് പറയാന്‍ ഒരു പടം ഇല്ലെന്നുള്ള തോന്നല്‍ എനിക്കുണ്ടായി,’ ആസിഫ് പറഞ്ഞു.

Content Highlight: Asif Ali Talks About Kamal Haasan