മിന്നുകെട്ടിന്റെ ഇടക്ക് ഉറക്കെ കുരവയിട്ടു; ആ നടന് ഇനി പള്ളിയില്‍ കയറാനാവില്ല: ആസിഫ് അലി
Entertainment
മിന്നുകെട്ടിന്റെ ഇടക്ക് ഉറക്കെ കുരവയിട്ടു; ആ നടന് ഇനി പള്ളിയില്‍ കയറാനാവില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 7:45 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. സിനിമക്ക് അകത്തും പുറത്തും മികച്ച സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്ന നടന്‍ കൂടെയാണ് അദ്ദേഹം. ഹണി ബീ എന്ന സിനിമ മുതല്‍ നടന്‍ ബാലു വര്‍ഗീസുമായുള്ള ആസിഫിന്റെ സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലു വര്‍ഗീസിന്റെയും പങ്കാളി എലീനയുടെയും കല്യാണ ദിവസത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. അവരുടെ കല്യാണ ദിവസം പള്ളിയില്‍ വെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍ കുരവയിട്ടെന്നും അത് വലിയ പ്രശ്‌നമായെന്നുമാണ് ആസിഫ് പറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അച്ചുവിന് (അര്‍ജുന്‍ അശോകന്‍) ഇനി പള്ളിയില്‍ കയറാന്‍ ആവില്ല. അത് സത്യത്തില്‍ വലിയ പ്രശ്‌നമായ ഒരു സംഭവമായിരുന്നു. നിങ്ങളാരും ആ വീഡിയോ കണ്ടിട്ടില്ലേ (ചിരി). അന്ന് ബാലുവിന്റെ കല്യാണമാണ്. അവന്റെ കല്യാണമെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് അത് എങ്ങനെയാകുമെന്ന് ഊഹിക്കാമല്ലോ.

ഞങ്ങളാണെങ്കില്‍ മൂന്ന് നാല് ദിവസം കല്യാണത്തിന്റെ തിരക്കിലും മറ്റുമായിരുന്നു. അങ്ങനെ കല്യാണ ദിവസം പള്ളിയില്‍ എലി (എലീന) ബാലുവിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ബാലു അവളുടെ കഴുത്തില്‍ മിന്നുകെട്ടി. ആ സമയത്ത് എന്റെ കണ്ണൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇതിന്റെ ഇടയില്‍ അച്ചു പുറകില്‍ നിന്ന് ഉറക്കെ കുരവയിട്ടു. പള്ളിയിലെ അച്ചന്‍ പെട്ടെന്ന് തലചെരിച്ചു നോക്കി. ആ വീഡിയോ ഇടക്കിടെ സോഷ്യല്‍ മീഡിയയിലൊക്കെ ഇങ്ങനെ പൊങ്ങി വരാറുണ്ട് (ചിരി),’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Balu Varghese And Arjun Ashokan