Entertainment
എന്റെ ജീവിതത്തിൽ ഉപ്പയെയും ഉമ്മയെയും പോലെ പ്രാധാന്യമുള്ള സംവിധായകനാണ് അദ്ദേഹം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 28, 02:41 am
Friday, 28th June 2024, 8:11 am

സിനിമാകരിയറില്‍ 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആസിഫ് അലി. ശ്യമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലിറങ്ങിയ തലവൻ എന്ന ചിത്രവും മികച്ച പ്രതികരണമാണ് ബോക്സ്‌ ഓഫീസിൽ നേടിയത്.

തന്റെ ജീവിതത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പല തീരുമാനങ്ങളും സംഭവിച്ചതാണെന്നും ഒരു ചാനലിൽ വർക്ക്‌ ചെയ്തിട്ടുണ്ടെന്നും ആസിഫ് പറയുന്നു. ഉയർന്ന ശമ്പളത്തോടെ റേഡിയോ ജോക്കിയായി ഒരു അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചെന്നും തന്റെ ലൈഫിൽ ഉപ്പയേയും ഉമ്മയേയും പോലെ പ്രാധാന്യമുള്ള ആളാണ് ശ്യാമപ്രസാദ് എന്നും ആസിഫ് അലി പറഞ്ഞു.

‘എനിക്ക് സിനിമയിലേക്കുള്ള വഴി കൃത്യമായി അറിയില്ലായിരുന്നു. ഞാൻ എടുത്ത ഓരോ തീരുമാനങ്ങളും നമ്മളായി എടുത്തതല്ല. അതൊക്കെ അങ്ങ് സംഭവിച്ച കാര്യങ്ങളാണ്. അന്ന് എറണാകുളത്തായിരിക്കും സിനിമ ഉണ്ടാവുക എന്നാണ് ഞാൻ കരുതിയത്.

ഞാൻ വരുന്ന സമയത്ത്, തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പയ്യെ സിനിമ മാറുന്ന ഒരു കാലമാണ്. ഇവിടെ വന്നിറങ്ങി ആരെ കാണണം, എന്ത് ചെയ്യണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. അന്ന് ഓഡിഷൻസ് കോമൺ അല്ല.

അന്ന് ഒരു ചാനലിൽ വർക്ക്‌ ചെയ്യാം എന്നായിരുന്നു എനിക്ക് തോന്നിയത്. കാരണം ചാനലിൽ വർക്ക്‌ ചെയ്താൽ ആളുകളെ കാണാൻ പറ്റിയേക്കാം കുറച്ചുകൂടെ അടുത്ത് നിന്ന് സിനിമ മനസിലാക്കാം എന്നൊക്കെ തോന്നി. അങ്ങനെ ഒരു തീരുമാനം എടുത്തു.

അതൊരു വലിയ തീരുമാനം ആയിരുന്നു. ചാനൽ പരിപാടിയുടെ കൂടെ നമ്മുടെ സർവൈവൽ കൂടെ നമ്മൾ നോക്കണമല്ലോ. സിനിമ എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അതിലേക്ക് എത്തുന്നുമില്ല. നെക്സ്റ്റ് ഓപ്ഷൻ എന്ന നിലയിൽ എനിക്ക് ആർ. ജെ ആയിട്ടൊരു അവസരം കിട്ടി.

അന്ന് റേഡിയോ ഇവിടെ വലിയൊരു ബൂം സംഭവിക്കുന്ന സമയമാണ്. അന്ന് ആർ. ജെസിന് നല്ല ഒരു ഓപ്പണിങ് പാക്കേജുണ്ട്. അത് ഞാൻ വേണ്ടായെന്ന് വെച്ചു. കാരണം അതിൽ ഒരു വർഷത്തെ കോൺട്രാക്ട് ഉണ്ടായിരുന്നു. 2007- 08 ൽ 40000 ത്തിനടുത്ത് ഒരു റേഡിയോ ജോക്കിക്ക് കിട്ടുമായിരുന്നു. ആ ശമ്പളം ഞാൻ വേണ്ടെന്ന് വെച്ചു. കാരണം എനിക്ക് സമയം കളയാൻ ഇല്ലായിരുന്നു.

 

പിന്നെ റേഡിയോയിൽ പോയാൽ ക്യാമറയില്ല. അന്ന് എടുക്കുന്ന തീരുമാനങ്ങൾ പോലും തെറ്റായി മാറാം. നമുക്ക് ശരിയെന്ന് തോന്നുന്നതാണ് നമ്മൾ ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ കുറെ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

പിന്നെ ശ്യാം സാർ എന്ന് പറയുന്ന വലിയ ആള് എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തു. എന്റെ ജീവിതത്തിൽ എന്റെ വാപ്പയ്ക്കോ ഉമ്മയ്ക്കോ ഉള്ള അത്രയും തന്നെ പ്രാധാന്യം ഉള്ള ആളാണ് ശ്യാമപ്രസാദ്,’ആസിഫ് അലി പറയുന്നു.

 

Content Highlight: Asif ali Talk About His Film Journey